ന്യൂഡല്‍ഹി: ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷമായി മാറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.
തന്റെ പരാമര്‍ശങ്ങള്‍ ബോധ്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപരമായ ക്രമീകരണങ്ങള്‍ പാര്‍ട്ടിയിലുണ്ടായിട്ടുണ്ട്. എന്നാല്‍, ചില വഴികളില്‍, എന്റെ പാര്‍ട്ടി മുമ്പത്തേക്കാള്‍ വളരെയധികം ഇടതുപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘റാഡിക്കല്‍ സെന്‍ട്രിസം: ഇന്ത്യയെക്കുറിച്ചുള്ള എന്റെ ദര്‍ശനം’ എന്ന വിഷയത്തില്‍ ജ്യോതി കൊമിറെഡ്ഡി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു തരൂര്‍.
ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയെ നോക്കുകയാണെങ്കില്‍, അവരുടെ സമീപനം കൂടുതല്‍ കേന്ദ്രീകൃതമായിരുന്നു. അന്ന് മുമ്പത്തെ ബിജെപി സര്‍ക്കാറിന്റെ ചില നയങ്ങള്‍ സ്വീകരിച്ചിരുന്നു. 1990 കളുടെ തുടക്കത്തില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കീഴില്‍ കോണ്‍ഗ്രസ് ചില നയങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ആ നയങ്ങള്‍ പിന്തുടര്‍ന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
1991 നും 2009 നും ഇടയില്‍ കോണ്‍ഗ്രസില്‍ കേന്ദ്രീകൃത ഘട്ടം ഉണ്ടായിരുന്നു. അതിനുശേഷം അത് മാറാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്, പ്രത്യയശാസ്ത്രപരമായോ അല്ലാതെയോ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഇടതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്നത് ഇനി ചിന്തിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എനിക്ക് ചില അനുഭവങ്ങള്‍ ഉണ്ടായി. അതിനെക്കുറിച്ച് ഇപ്പോള്‍ പരസ്യമായി സംസാരിക്കാന്‍ ഞാന്‍ തയ്യാറല്ല. കോണ്‍ഗ്രസില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.


