അഹമ്മദാബാദ് :ഗുജറാത്തിലെ ദരിയാപുരയിലെ ശിവസേന സ്ഥാനാര്‍ത്ഥിയെ കാണാന്‍ മണ്ഡലത്തില്‍ എവിടെയും ജനങ്ങളുടെ കനത്ത തിരക്കായിരിക്കും. സ്ഥാനാര്‍ത്ഥിയുടെ ജനസമ്മതി കാരണമാണോ അല്ലെങ്കില്‍ അദ്ദേഹം ഇത്രകാലവും മണ്ഡലത്തിനുള്ളില്‍ കാഴ്ച്ച വെച്ച ജനോപകാര പ്രവൃത്തികള്‍ കൊണ്ടാണോ ഈ തിരക്കെന്ന് കരുതിയാല്‍ തെറ്റി. കാരണം മറ്റൊന്നുമല്ല പുള്ളിക്കാരന്‍ വലിയ സ്വര്‍ണ്ണപ്രേമിയാണ്. ചുരുങ്ങിയത് 50 പവന്‍ സ്വര്‍ണ്ണമെങ്കില്‍ ശരീരത്തില്‍ അണിഞ്ഞാണ് ജനങ്ങളെ കണ്ട് വോട്ട് വാങ്ങിക്കാനുള്ള സ്ഥാനാര്‍ത്ഥിയുടെ കടന്നു വരവ്. ദരിയാപുരയിലെ ശിവസേന സ്ഥാനാര്‍ത്ഥിയായ കുഞ്ചല്‍ പട്ടേലാണ് ഈ വ്യത്യസ്ഥ വേഷവിധാനങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലെ ആകര്‍ഷക കാഴ്ചയാവുന്നത്. ആകെ മൊത്തം ഒരു സ്വര്‍ണ്ണ കട ഒഴുകി വരും പോലെയാണ് കുഞ്ചാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്ക് 45 പവന്‍ ആണ് സ്വന്തമായി ഉള്ളതെന്നാണ്. അതുകൊണ്ട് തന്നെ കുഞ്ചല്‍ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണവും അണിഞ്ഞ് പ്രചരണത്തില്‍ പങ്കെടുക്കുന്നത് അടുത്തിടെ വിവാദമായിരുന്നു.എഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഈ വ്യക്തിക്ക് രണ്ട് ആഡംബര കാറുകളും സ്വന്തമായുള്ളതായി തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ഇദ്ദേഹം കുറിച്ചിട്ടുണ്ട്.