അങ്കാറ: ഐഎസ് ഭീകരർ അമേരിക്കൻ സൃഷ്ടിയെന്ന ആരോപണം പലഭാഗത്തുനിന്നും ഉയരുന്നുണ്ടായിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ഐഎസ് യുദ്ധകഥ കെട്ടിച്ചമച്ചതാണെന്നും ഐഎസുമൊത്ത് ‘രഹസ്യ’ ഉടമ്പടിഉണ്ടായിരുന്നു എന്നും വെളിപ്പെടുത്തൽ . സിറിയയിൽ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ പൂർണമായും തുരത്തിയെന്ന വാദത്തിൽ വഴിത്തിരിവുമായി പുതിയ ആരോപണം ഉയരുന്നത് ഐഎസിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ റാഖയിൽ ഏതാനും ആഴ്ച മുൻപു നടന്ന കനത്ത പോരാട്ടത്തിന്റെ വിവരങ്ങളെല്ലാം കെട്ടുകഥകളെന്ന ആരോപണവുമായി സിറിയൻ ഡെമോക്രാറ്റിറ്റ് ഫോഴ്സ്(എസ്ഡിഎഫ്) മുൻ കമാൻഡറാണു രംഗത്തെത്തിയിരിക്കുന്നത്. ഐഎസ് ഭീകരരെ ബസിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുള്ള നീക്കത്തിനു മറയായാണു യുദ്ധകഥ കെട്ടിച്ചമച്ചതെന്ന് തലാൽ സിലോ എന്ന കമാൻഡർ ‘റോയിട്ടേഴ്സി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
റാഖയിലെ പോരാട്ടം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ യുഎസിന്റെ ഉൾപ്പെടെ പിന്തുണയോടെയായിരുന്നു ഐഎസുമൊത്തുള്ള ‘രഹസ്യ’ ഉടമ്പടിയെന്നും സിലോ വ്യക്തമാക്കി. മുന്നൂറിൽ താഴെ മാത്രം ഐഎസ് ഭീകരരാണ് റാഖയിൽ നിന്നു രക്ഷപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ആയിരക്കണക്കിനു ഭീകരരും കുടുംബവുമാണ് പൂർണ സൈനിക സുരക്ഷയോടെ രക്ഷപ്പെട്ടതെന്ന് സിലോ പറയുന്നു. എന്നാൽ സിലോയുടെ ആരോപണം തെറ്റാണെന്നും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്നും യുഎസ് സുരക്ഷാവിഭാഗം പ്രതികരിച്ചു. അതേസമയം സിലോയ്ക്കു പിന്തുണയുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്.
യുഎസ് പിന്തുണയോടെയാണ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് ഐഎസിനെതിരെ പോരാടുന്നത്. എന്നാൽ തുർക്കി ഈ നീക്കത്തിന് എതിരാണ്. ഒക്ടോബർ മധ്യത്തോടെയാണ് ഐഎസുമൊത്ത് കരാറുണ്ടാക്കുന്നത്. തുടർന്ന് അന്ന് മാധ്യമങ്ങളെ കണ്ടതും സിലോ ആണ്. എസ്ഡിഎഫ് വക്താവ് എന്ന നിലയിൽ ഐഎസിന്റെ അപ്പോഴത്തെ അവസ്ഥയെപ്പറ്റിയും വിശദീകരിച്ചു.
മുന്നൂറോളം ഭീകരരും കുടുംബവും സ്ഥലം വിട്ടെന്നും ബാക്കിയുള്ളവർ പോരാട്ടം തുടരുകയാണെന്നുമാണു പറഞ്ഞത്. ഇതിനു പിന്നാലെ റാഖ ഐഎസിൽ നിന്നു പൂർണമായും പിടിച്ചെടുത്തതായി അറിയിപ്പും വന്നു. എന്നാൽ റാഖയിലെ തുരങ്കങ്ങളിൽ ഒളിച്ചിരുന്ന ഐഎസ് ഭീകരർ അപ്രതീക്ഷിതമായി തിരിച്ചടിച്ചെന്ന വാർത്തയാണു പിന്നീടു വന്നത്. ഭീകരരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്ന സമയത്ത് റാഖയിലേക്ക് മാധ്യമ പ്രവർത്തകർ വരുന്നതു തടയാനായിരുന്നു ഇത്തരമൊരു കെട്ടുകഥ.
കനത്ത പോരാട്ടമാണെന്ന‘നാടകം’ കളിച്ച് മൂന്നു ദിവസത്തോളം ജനങ്ങളെയും റാഖയിലേക്ക് പ്രവേശിപ്പിച്ചില്ല. ഐഎസിനെ റാഖ വിടാൻ അനുവദിക്കണമോയെന്ന കനത്ത തർക്കം പുരോഗമിക്കവെയാണ് യുഎസ് പിന്തുണയോടെ രഹസ്യ ഉടമ്പടിയുണ്ടാക്കിയത്. സാഹിൻ സിലോ എന്ന കുർദിഷ് എസ്ഡിഎഫ് കമാൻഡറാണ് ഐഎസ് പ്രതിനിധിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹം പിന്നീട് ജലബിയയിലുള്ള യുഎസ് സൈനിക ക്യാംപിലേക്കു പോയി. അവിടെ നിന്നു തിരിച്ചെത്തിയത് ഐഎസിനെ റാഖയിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്ന ഉടമ്പടിയുമായിട്ടായിരുന്നു.
ഐഎസിന്റെ രക്ഷപ്പെടൽ സംബന്ധിച്ചു നേരത്തേ ബിബിസി റിപ്പോർട്ടും സംശയം പ്രകടിപ്പിച്ചിരുന്നു. ഐഎസ് ഭീകരരെ കൊണ്ടു പോയ വാഹനവ്യൂഹത്തിലെ ഡ്രൈവർമാരിലൊരാളുടെ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ട്്. ഏഴു കിലോമീറ്ററോളം നീളമുണ്ടായിരുന്നു വാഹനവ്യൂഹത്തിന്. 50 ട്രക്കുകൾ, 13 ബസുകൾ എന്നിവയിലായിരുന്നു ഭീകരരുടെ കുടുംബങ്ങൾ. ഐഎസിന്റെ നൂറോളം വാഹനങ്ങളിൽ ആയുധങ്ങൾ കടത്തിയതായും ഡ്രൈവർ പറഞ്ഞു. ആകെ നാലായിരത്തോളം പേരുണ്ടായിരുന്നു. അതിൽ അഞ്ഞൂറോളം പേർ ഐഎസ് പോരാളികളും.
എന്നാൽ റാഖയിൽ നിന്ന് ഭീകരർ എങ്ങോട്ടു പോയെന്നത് ഇപ്പോഴും വ്യക്തമല്ല. മരുഭൂമിയിലേക്ക് ഓടിച്ചുവിട്ടെന്നായിരുന്നു നേരത്തേ സിറിയ പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ അതിർത്തി കടന്ന് തുർക്കിയിലേക്കു കടന്നതായി സംശയം ബലപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ തുർക്കിയിലും പാശ്ചാത്യരാജ്യങ്ങളിലും ഇനിയും ആക്രമണങ്ങൾക്ക് ഐഎസ് പദ്ധതിയിടുമെന്നും അധികൃതർ പറയുന്നു. സിറിയയിലെ ദേർ അൽ–സോറിൽ ഐഎസിന് ഇപ്പോഴും സ്വാധീനമുള്ള മേഖലയിലേക്കാണ് ഭീകരർ പോയതെന്നും കരുതുന്നുണ്ട്. പ്രസിഡന്റ് ബാഷർ അൽ–അസാദിനെ പിന്തുണയ്ക്കുന്ന സേന ഈ പരിസരത്താണു ക്യാംപ് ചെയ്തിരിക്കുന്നത്. എസ്ഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് താനിപ്പോൾ ഇതെല്ലാം തുറന്നു പറയുന്നതെന്നും സിലോ വ്യക്തമാക്കുന്നു. ‘ഒരു നഗരം മുഴുവനും അവർ നശിപ്പിച്ചു, പക്ഷേ ഭീകരരെ തൊടാനായില്ല’– അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണങ്ങളെയെല്ലാം എസ്ഡിഎഫും യുഎസും പ്രസ്താവനയിലൂടെ തള്ളിയിട്ടുണ്ട്. ഭീകരരുമായി ഇത്തരമൊരു ഉടമ്പടിയുണ്ടാക്കിയിട്ടില്ലെന്നും യുഎസ് വ്യക്തമാക്കി.