സൈഹാത്: ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ കണ്ണൂരിൽ തുടരുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഒ ഐ സി സി സൈഹാത് ഏരിയാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഷുഹൈബെന്ന ചെരുപ്പക്കാരനെ വെട്ടിനുറുക്കിയ സി പി എമ്മിൻറെ കശാപ്പ് രാഷ്ട്രീയം ഇനി കണ്ണൂരിൽ അനുവദിക്കരുതെന്ന സന്ദേശമാണ് സമരപ്പന്തലിലേക്ക് ഒഴുകിയെത്തുന്ന ജനപ്രവാഹം നൽകുന്നത്. കണ്ണൂരിൽ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സമൂഹത്തിൻറെ നാനാ തുറകളിലുള്ളവർ ഇതിനോടകം സമരത്തിന് പിന്തുണയുമായി രംഗത്തു വന്നുവെന്ന് മാത്രമല്ല, നിരവധി സി പി എം പ്രവർത്തകർ കോൺഗ്രസ്സ് അംഗത്വം സ്വീകരിക്കുന്നതും സി പി എമ്മിനെ തെല്ലൊന്നുമല്ല അലട്ടുന്നതെന്നും ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ ഐ സി സി റീജ്യണൽ കമ്മിറ്റി സെക്രട്ടറി റഷീദ് ഇയ്യാൽ പറഞ്ഞു. കെ.സുധാകരൻറെ ഈ നിരാഹാര സമരം സി പി എമ്മിനെ പശ്ചിമ ബംഗാളിലെ അവസ്ഥയിലെത്തിക്കാനുള്ള നാന്ദികുറിക്കലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ ഐ സി സി സൈഹാത് ഏരിയാ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് മാത്യു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗംഗൻ വള്ളിയോട്ട്, രമേശൻ പാലയ്ക്കൽ, ഡിജോ പഴയമഠം, നൗഷാദ്, ദിലീപ് ദിവാകരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.ടി.ശശി സ്വാഗതവും, ട്രഷറർ അബ്ദുൾ അസീസ് കോഴിക്കോട് നന്ദിയും പറഞ്ഞു.


