സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് സൈനികരുൾപ്പെടെ ആറ് മരണം; സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലാണ് സംഭവം

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് നാലു സൈനികരടക്കം ആറുപേര്‍ മരിച്ചു. സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്ന രണ്ടുപേരാണ് മരണപ്പെട്ട മറ്റു രണ്ടുപേരെന്നാണ് വിവരം.  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കാണാതായിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ്  സിയാച്ചിൻ

ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിമാലയന്‍ മലനിരയുടെ വടക്കന്‍മേഖലയില്‍ സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലാണ് സംഭവം. ഹിമാലയന്‍ മലനിരകളില്‍ ചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. കാണാതായവര്‍ക്കായി കരസേന തിരച്ചില്‍ തുടങ്ങി. മഞ്ഞുപാളികള്‍ക്കിടയില്‍നിന്ന് രക്ഷിച്ച സൈനികരെ ഹെലികോപ്റ്ററില്‍ സമീപത്തെ സൈനികാശുപത്രിയിലേക്കു മാറ്റി.

1984-ല്‍ ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്. ശൈത്യകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ പ്രദേശത്ത് മഞ്ഞുമലയിടിച്ചില്‍ പതിവാണ്. ഈയിടെ ഇവിടേക്ക് ടൂറിസ്റ്റുകളെ അനുവദിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവിടത്തെ സൈനികര്‍ നേരിടുന്ന വിഷമം പൊതുജനം നേരിട്ടറിയുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം കേന്ദ്രം കൈക്കൊണ്ടത്.

Top