പെന്‍ഷന്‍ സിംപിളാണ്‌; അടല്‍ പെന്‍ഷന്‍ ഈസിയാണ്‌

ന്യൂഡല്‍ഹി: അസംഘടിതമേഖലയിലെ തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്കരിച്ച പെന്‍ഷന്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു. കൂടുതല്‍ നിക്ഷേപ സൗഹാര്‍ദപരമായാണ് പരിഷ്കാരങ്ങള്‍. നിക്ഷേപകന്‍െറ വിഹിതം ഇനി മാസത്തവണയായോ മൂന്നു മാസം കൂടുമ്പോഴോ, ആറുമാസം കൂടുമ്പോഴോ അടക്കാനാവും. നേരത്തെ എല്ലാമാസവും അക്കൗണ്ടില്‍നിന്ന് എടുക്കുന്ന സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. നിക്ഷേപകന്‍ പണമടക്കുന്നത് മുടങ്ങിയാലും ഇനി അക്കൗണ്ട് ഇല്ലാതാവുകയോ നിര്‍ത്തലാക്കുകയോ ചെയ്യില്ളെന്നും ധനമന്ത്രാലയം അറിയിച്ചു. അക്കൗണ്ട് മെയ്ന്‍റനന്‍സ് ചെലവുകള്‍, മറ്റു ഫീസുകള്‍ എന്നിവയെല്ലാം എടുത്താലും സര്‍ക്കാര്‍ വിഹിതമൊഴിച്ചുള്ള തുക പൂജ്യത്തില്‍ എത്തുന്നതുവരെ അക്കൗണ്ട് നിലനില്‍ക്കും. നിക്ഷേപകന്‍ വിഹിതം അടക്കാന്‍ വൈകിയാല്‍ ഏര്‍പ്പെടുത്തിയിരുന്ന പിഴയും ലളിതവത്കരിച്ചിട്ടുണ്ട്. പ്രതിമാസം 100 രൂപക്ക് ഒരു രൂപയെന്നതായിരിക്കും ഇനി പിഴ. നേരത്തേ ഇത് വിവിധ സ്ളാബുകളായിട്ടായിരുന്നു തീരുമാനിച്ചിരുന്നത്.
ഉപാധികള്‍ക്ക് വിധേയമായി കാലാവധി എത്തുന്നതിനുമുമ്പ് നിക്ഷേപകര്‍ക്ക് പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ 60 വയസ്സ് പൂര്‍ത്തിയാകുന്നതിനുമുമ്പ് ഇത് സാധ്യമാകുന്നത് മരണം, മാരകരോഗം എന്നീ സാഹചര്യങ്ങളില്‍ മാത്രമായിരുന്നു. പക്ഷേ, അംഗം അടച്ച വിഹിതവും അതുവരെയുള്ള പലിശയും മാത്രമാവും തിരികെ നല്‍കുക.
2015ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി മേയ് ഒമ്പതിനാണ് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അംഗമടക്കുന്ന തുകക്കനുസരിച്ച് 60 വയസ്സിനുശേഷം 1000 രൂപ മുതല്‍ 5000 രൂപവരെ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയില്‍, ആദ്യ അഞ്ചു വര്‍ഷം അംഗം പ്രതിവര്‍ഷമടക്കുന്ന തുകയുടെ 50 ശതമാനം അല്ളെങ്കില്‍, 1000 രൂപ ഏതാണോ കുറവ് അത് കേന്ദ്രസര്‍ക്കാറും അടക്കും. 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക.

Top