കന്യാസ്ത്രീയുടെ ഒറ്റയാൾ പ്രതിഷേധം; മന്ത്രിയുടെ വാഹനം തടഞ്ഞ് കന്യാസ്ത്രീ

ഷോളയൂർ: ആനശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർക്കു വേണ്ടി ഒറ്റയാൾ പ്രതിഷേധവുമായി റോഡിലിറങ്ങിയ കന്യാസ്ത്രീ. ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ കന്യാസ്ത്രീയാണ് പരാതി പറയാന്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. ഷോളയൂര്‍ അങ്ങാടിക്കടുത്ത് പ്രധാന റോഡരികിലാണ് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. ഗതികെട്ടപ്പോഴാണ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ റിന്‍സി മന്ത്രി കെ രാജുവിന്റെ വാഹനം ഒറ്റക്ക് തടഞ്ഞത്. ഷോളയൂരില്‍ ക്ഷീരകര്‍ഷകസംഗമം ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രിയെ വേദിയിലേക്കുള്ള റോഡിലാണ് സിസ്റ്റര്‍ റിന്‍സി തടഞ്ഞത്. കോണ്‍വെന്റിന് മുമ്പിലാണ് മന്ത്രിയുടെ വാഹനം തടഞ്ഞ് സിസ്റ്റര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞത്. മന്ത്രിയോട് ആന നശിപ്പിച്ച സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി പരാതി കേള്‍ക്കുമെന്നും അങ്ങോട്ട് വരുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ചെവിക്കൊണ്ടില്ല. കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, മന്ത്രി പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രശ്‌നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍ വിഷയത്തില്‍ ഇടപെട്ട് മന്ത്രിയുടെവാഹനം കടത്തിവിട്ടു. അഞ്ച് തവണയാണ് കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തത്. ചുമരും കന്നുകാലിത്തൊഴുത്തും തകര്‍ത്തു. കപ്പ, തെങ്ങ് കൃഷികളും നശിപ്പിച്ചു. സമീപത്തെ വീടുകളിലും സമാന സ്ഥിതിയാണ്. സിസ്റ്റര്‍ മന്ത്രിയെ തടയുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top