ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് സ്വാമി പ്രകാശാനന്ദ

വര്‍ക്കല: ശിവഗിരി മഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ.  മൃതദേഹം കണ്ടപ്പോള്‍തന്നെ സ്വാഭാവിക മരണമല്ലെന്ന് മനസിലായെന്ന് അദ്ദേഹം  പറഞ്ഞു. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ട്. നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്നും സ്വാമി പ്രകാശാനന്ദ ചോദിച്ചു.
ശാശ്വതീകാനന്ദ മരിച്ചതിനു പിന്നാലെ ഇതെല്ലാം താന്‍ പറഞ്ഞതാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ല. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വാമി പ്രകാശാനന്ദ പറഞ്ഞു.
സ്വാമിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് മരണം സംബന്ധിച്ച ചര്‍ച്ച ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും ചൂടുപിടിച്ചത്.മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് മരണത്തിന് ഉത്തരവാദികള്‍ എന്നാണ് ബിജു രമേശിന്റെ ആരോപണം.മാതൃഭൂമി ന്യൂസി’നോടുള്ള അഭിമുഖത്തിലാണ് പ്രകാശാനന്ത ഇങ്ങനെ വെളിപ്പെടുത്തിയത് .

 

Top