ശോഭാ സുരേന്ദ്രനെ ഒഴിവാക്കി!കാരണം ചോദിക്കേണ്ടത് അഖിലേന്ത്യാ പ്രസിഡന്‍റിനോട്: വി മുരളീധരൻ

കോഴിക്കോട്: ശോഭാ സുരേന്ദ്രനെ ദേശീയ നിർവാഹക സമിതിയിൽ നിന്ന് മാറ്റിയതിനെക്കുറിച്ച് ബിജെപി അഖിലേന്ത്യ പ്രസിഡൻ്റിനോട് ചോദിക്കണമെന്ന് വി മുരളീധരൻ . ശോഭാ സുരേന്ദ്രൻ ഇപ്പോഴും പാർട്ടി ഭാരവാഹിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
ശോഭ സുരേന്ദ്രന്‍ ഇപ്പോഴും പാര്‍ട്ടിയുടെ ഭാരവാഹിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള എണ്‍പത് അംഗ നിര്‍വാഹക സമിതിയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് വി മുരളീധരനും കുമ്മനം രാജശേഖരനും മാത്രമേ സമിതിയിലെ സ്ഥിരം അംഗങ്ങളായുള്ളൂ. നേരത്തെ ഉണ്ടായിരുന്ന ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രൻ അല്‍ഫോൻസ് കണ്ണന്താനം എന്നിവരെ ഒഴിവാക്കി. നേതൃമാറ്റം ആവശ്യപ്പെട്ടിരുന്ന കൃഷണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ക്ക് കടുത്ത ആഘാതമാണ് പുനസംഘടനയിലൂടെ ഉണ്ടായത്.

കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കേണ്ടതില്ല. എല്ലാ കാര്യത്തിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ല. കേരളത്തിലെ കര്‍ഷകരുടെ ദുരിതം കാണാത്തവരാണ് ഉത്തര്‍ പ്രദേശിലെ കാര്യങ്ങള്‍ പറയുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടിലെ വിനോദ സഞ്ചാരിയാണെന്നും മുരളീധരന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ വിഭാഗത്തിനെതിരെ കേരള ബിജെപിയില്‍ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ് ശോഭ സുരേന്ദ്രന്‍. ഇവരെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് നീക്കിയതിന് കാരണം വ്യക്തമല്ല. പ്രവര്‍ത്തന മികവ് പരിശോധിച്ചാണ് തീരുമാനം എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതും ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്.

മുന്‍ കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, ഒ രാജഗോപാല്‍ എന്നിവരെയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ നീക്കിയത് എന്നാണ് പറയപ്പെടുന്നത്. എപി അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റായി തുടരും. ടോം വടക്കന്‍ ദേശീയ വക്താവായും തുടരും. മെട്രോമാന്‍ ഇ ശ്രീധരന് പുറമെ പികെ കൃഷ്ണദാസും ദേശീയ നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളായി.

നിലവില്‍ ശോഭ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. താരതമ്യേന അപ്രധാനമായ പദവി നല്‍കിയതില്‍ നേരത്തെ ശോഭയെ പിന്തുണയ്ക്കുന്നവര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന അവരെ ദേശീയ നേതാക്കള്‍ ഇടപെട്ട് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം അനുനയിപ്പിക്കുകയായിരുന്നു. ബിജെപിയുടെ കേരളത്തിലെ വനിതാ മുഖമാണ് ശോഭ സുരേന്ദ്രന്‍. അവര്‍ക്ക് ദേശീയ തലത്തില്‍ സുപ്രധാനമായ പദവികള്‍ നല്‍കിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയിരുന്നു ബിജെപിയിലെ പോര്. ശോഭയെ അകറ്റാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു എന്നായിരുന്നു ആക്ഷേപം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് ശോഭയ്ക്ക് നല്‍കിയില്ല എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ശോഭയുടെ പേരുണ്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിലാണ് ശോഭയെ മല്‍സരിപ്പിച്ചത്.

ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ മൊത്തം 80 അംഗങ്ങളാണുള്ളത്. കൂടാതെ 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്. സമിതി യോഗം ചേരുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കവെയാണ് പുനഃസംഘടനയുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്‍കെ അദ്വാനി, എംഎം ജോഷി, രാജ്‌നാഥ് സിങ്, അമിത് ഷാ, നിതില്‍ ഗഡ്കരി എന്നിവരെല്ലാം ദേശീയ സമിതി അംഗങ്ങളാണ്. വരുണ്‍ ഗാന്ധി, അമ്മ മേനക ഗാന്ധി എന്നിവരെ ദേശീയ സമിതിയില്‍ നിന്ന് നീക്കിയത് ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. യുപിയിലെ കര്‍ഷകര്‍ക്കെതിരായ ആക്രമണത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്നു വരുണ്‍ ഗാന്ധി. ഇതിന് പിന്നാലെയാണ് ദേശീയ സമിതിയില്‍ നിന്ന് നീക്കിയത്.

Top