പ്രതിഷേധം ഫലം കണ്ടു: സോഷ്യല്‍ മീഡിയയെ ഒഴിവാക്കി എന്‍ക്രിപ്ഷന്‍ നയത്തില്‍ മാറ്റം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്‌ളിക്കേഷനുകള്‍ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ 90 ദിവസത്തിന് ശേഷമല്ലാതെ ഡിലീറ്റ് ചെയ്യരുതെന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുവരുത്തി. ഇലക്ട്രോണിക്‌സ് ^ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് പുറത്തിറക്കിയ ദേശീയ കരട് എന്‍ക്രിപ്ഷന്‍ നയത്തിലാണ് ഇളവ് വരുത്തിയത്. വാട്‌സ്ആപ്പ് അടക്കമുള്ള ആപ്‌ളിക്കേഷനിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ക്കായിരുന്നു നയം ബാധകമായിരുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്യുന്ന കരട് നയം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ അത് പൊലീസിന് മുമ്പാകെ ഹാജരാക്കണമെന്നുമാണ് കരടുനയം വ്യവസ്ഥ ചെയ്യുന്നത്. വാട്‌സ്ആപ് സന്ദേശങ്ങള്‍ പൊലീസിന് ആവശ്യപ്പെടാം. സന്ദേശം നീക്കുന്നത് കുറ്റകരമാണ്. രാജ്യത്തിന് പുറത്തു നിന്നുള്ള സേവന ദാതാക്കള്‍ കേന്ദ്രസര്‍ക്കാറുമായി കരാറിലെത്തണമെന്നും കരട് നയത്തില്‍ നിര്‍ദേശിച്ചിരുന്നു.
ഇന്റര്‍നെറ്റ് ലോകത്ത് മറ്റുള്ളവര്‍ക്ക് മനസിലാകാത്തവിധം രഹസ്യകോഡ് ഉപയോഗപ്പെടുത്തുന്ന രീതിയാണ് എന്‍ക്രിപ്ഷന്‍. ക്രിപ്‌ടോഗ്രഫി മുമ്പ് സൈനിക, നയതന്ത്ര സന്ദേശ വിനിമയങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ വി.പി.എന്‍ എന്നറിയപ്പെടുന്ന വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വ്യവസായികളും ഉപയോക്താക്കളും സന്ദേശ^സ്റ്റോറേജ് ആവശ്യത്തിന് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണക്കാര്‍ എന്‍ക്രിപ്ഷന്‍ നൂലാമാലകള്‍ നോക്കാതെയാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ തന്നെ ഈ സാങ്കേതിക വിദ്യ അടക്കം ചെയ്തിട്ടുണ്ടാവും. വാട്‌സ്ആപ്, സ്‌നാപ് ചാറ്റ് പോലുള്ളവ ഉദാഹരണം.
ഇ^ഗവേണന്‍സ്, ഇ^കോമേഴ്‌സ് എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് കരട് എന്‍ക്രിപ്ഷന്‍ നയം കൊണ്ടു വരുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കരടുനയം അനുസരിച്ച് എന്‍ക്രിപ്ഷന്റെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് നടപടിക്രമം സര്‍ക്കാര്‍ തീരുമാനിക്കും. എന്‍ക്രിപ്ഷന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്തവ ഉപയോഗിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ല. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സേവനദാതാക്കള്‍ സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കണം. എന്‍ക്രിപ്ഷന്‍ ഉല്‍പന്ന ദാതാക്കളും രജിസ്റ്റര്‍ ചെയ്യണം. ഈ ഉല്‍പന്നങ്ങളുടെ സുരക്ഷാ പരിശോധനകള്‍ ഉണ്ടാവുമെന്നും നയത്തില്‍ വിശദീകരിക്കുന്നുണ്ട്. അടുത്ത മാസം 16 വരെ കരടുനയത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം. അതുകൂടി പരിഗണിച്ചാണ് അന്തിമനയം കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തുക.

Top