കൊച്ചി: സോളാര്‍ തട്ടിപ്പ്‌കേസിലെ പ്രധാന പ്രതിയായ സരിത .എസ് നായരുടെ കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖരുണ്ടെന്ന് മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍. പി ജേക്കബ് സോളാര്‍ കമ്മീഷനെ അറിയിച്ചു. മന്ത്രിമാരുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേര് കത്തില്‍ പരാമര്‍ശിച്ചിരുന്നു. കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. മറ്റ് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. താന്‍ കത്ത് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല.
അട്ടക്കുളങ്ങര ജയിലില്‍ കഴിയവെ ആള്‍മാറാട്ടം നടത്തി ഒരാള്‍ സരിതയെ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിതയുടെ അമ്മ, അഭിഭാഷകന്‍, ബന്ധു എന്നീ മൂന്നു പേരെ മാത്രമാണ് കാണാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍, സരിത ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്നും അദ്ദേഹം മൊഴി നല്‍കി.
40 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ സരിതയെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ഇയാള്‍ കുഞ്ഞമ്മയുടെ മകനാണെന്നാണ് സരിതയുടെ അമ്മ ജയില്‍ സുപ്രണ്ട് നസീറ ബിവിയെ അറിയിച്ചത്. ജയില്‍ അധികൃതര്‍ ഇക്കാര്യം സരിതയോട് ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. ഈ സാഹചര്യത്തില്‍ ഫോണില്‍ ബന്ധപ്പെട്ട സൂപ്രണ്ടിനോട് കാര്യങ്ങള്‍ തിരക്കിയ ശേഷം പ്രവേശം അനുവദിക്കാനാണ് താന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് അന്വേഷിച്ചപ്പോള്‍ അത്തരത്തിലൊരു അഡ്രസുള്ള ബന്ധു ഉള്ളതായി കണ്ടെത്താന്‍ സാധിച്ചില്ല.
ഒരിക്കല്‍ വാഹനത്തില്‍ ജയിലിലെത്തിയ ഒരു സംഘം ആളുകള്‍ സരിതയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ ആയുധങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഡി.ജി.പിയുമായി ജയില്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സംഘം മടങ്ങുകയായിരുന്നു.
പരാതി എഴുതി നല്‍കാന്‍ സരിതക്ക് 21 ഷീറ്റ് പേപ്പറുകളാണ് നല്‍കിയത്. എന്നാല്‍ നാലെണ്ണത്തില്‍ മാത്രമാണ് സരിത എഴുതിയത്. പെരുമ്പാവൂരില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പത്തനംതിട്ട ജില്ലാ ജയിലില്‍ എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ 21 പേപ്പറുകളില്‍ തയാറാക്കിയ കത്ത് സരിതയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഈ കത്ത് പിന്നീട് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് കൈമാറി. ഈ രണ്ട് കത്തുകളിലെ വിശദാംശങ്ങള്‍ അറിയില്ലെന്നും അലക്സാണ്ടര്‍ ജേക്കബ് മൊഴി നല്‍കി.