കോട്ടയം : അച്‌ഛനെ വെട്ടിക്കൊന്ന് വീടിനോട് ചേര്‍ന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ മകനും കൂട്ടാളിയും അറസ്റ്റില്‍. കറുകച്ചാല്‍ കൂത്രപ്പള്ളി കുറ്റിക്കല്‍ പ്രസാദിനെയാണ് അച്‌ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടികൂടിയത്.
മകനെയും സുഹൃത്തിനെയും കറുകച്ചാല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത് . കുഴിച്ചിട്ട മൃതദേഹം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. പാമ്പാടിക്കുസമീപം കുറ്റിക്കലിലാണ് സംഭവം. കുറ്റിക്കല്‍ കോളനിയില്‍ താമസിക്കുന്ന ചാത്തന്‍ ബാബു എന്നു വിളിക്കുന്ന ബാബുവിനെയാണ് (52) മകന്‍ പ്രസാദും (25) കൂട്ടുകാരനായ സതീഷും (35) ചേര്‍ന്ന് കൊന്ന് കുഴിച്ചിട്ടത്. കഴിഞ്ഞ 16ന് രാത്രിയായിരുന്നു സംഭവം. തോര്‍ത്ത് കൊണ്ട് കഴുത്തില്‍ മുറുക്കി ഇരുവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇവരുടെ പേരില്‍ പൊലീസ് കേസ് എടുത്തത്.
കഴിഞ്ഞ 17ന് അച്ഛനെ കാണാനില്ലായെന്ന് പറഞ്ഞ് മകന്‍ പ്രസാദ് കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.ഐ വി.ആര്‍.വിജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് കേസ് എടുത്ത് ബാബുവിനായി തിരച്ചില്‍ നടത്തിവരികയായിരുന്നു. സ്ത്രീവിഷയത്തില്‍ തല്പരനായ ബാബു വീട്ടില്‍ നിന്ന് മാറിനില്ക്കുന്നതാവാമെന്നും മകന്‍ പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടുകാരും ഇതേ മൊഴിയാണ് പൊലീസിന് നല്കിയത്. എന്നാല്‍ വീട്ടുകാര്‍ സംശയം പറഞ്ഞ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വീട്ടുകാരും മകനും പറയുന്നത് ശരിയല്ലെന്ന് പൊലീസിന് ബോധ്യമായി. ഇതേ തുടര്‍ന്ന് മകനെ പൊലീസ് നിരീക്ഷണവലയത്തിലാക്കി. തുടര്‍ന്ന് മകനെ വീണ്ടും ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താവുകയും ചെയ്തു. തുടര്‍ന്ന് പ്രസാദിന്റെ സഹായിയായിരുന്ന സതീഷിനെ ഇന്ന് പുലര്‍ച്ചെ പൊലീസ് പൊക്കി. കുറ്റിക്കലിലുള്ള റബര്‍ തോട്ടത്തില്‍ എത്തി അച്ഛനെ കുഴിച്ചിട്ട സ്ഥലം പ്രസാദ് പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുക്കുകയുെ ചെയ്തു.
ചങ്ങനാശേരി ഡിവൈ.എസ്.പി കെ.ശ്രീകുമാര്‍, വാകത്താനം സി.ഐ അനീഷ് വി.കോര, കറുകച്ചാല്‍ എസ്.ഐ വിജയചന്ദ്രന്‍ എന്നിവര്‍ ഇന്ന് പുലര്‍ച്ചെ ബാബുവിനെ കുഴിച്ചിട്ട സ്ഥലത്തെത്തി. രാവിലെ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. മദ്യപിച്ചാല്‍ അക്രമസ്വഭാവമുള്ള ആളാണ് അച്ഛനെന്നും വീട്ടില്‍ അക്രമം സ്ഥിരമായതോടെയാണ് കൊന്നതെന്നുമാണ് മകന്‍ പൊലീസിനോട് പറഞ്ഞത്. ബാബു സ്ഥിരം മോഷ്ടാവുകൂടിയാണ് . മോഷണക്കറ്റത്തിന് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രസാദിന്റെ സഹായിയായ സതീഷും മോഷ്ടാവാണ്. ഇയാളുടെ പേരില്‍ പാമ്പാടി, കറുകച്ചാല്‍ പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ട്. കറുകച്ചാല്‍ എസ്.ഐ വിജയചന്ദ്രന്‍, എ.എസ്.ഐ മാരായ ഓമനക്കുട്ടന്‍, അംശു, കോളിന്‍സ്, അനില്‍, സീനിയര്‍ സിവിള്‍ പൊലീസ് ഓഫീസര്‍ ഷാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കുരുക്കിയത്.