ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഭാര്യയെ ഭര്‍ത്താവ് അമ്മിക്കല്ലിന് തലയ്ക്കടിച്ചു, പിന്നെ കഴുത്തറുത്തു കൊന്നു

ചെന്നൈ: ലൈംഗികബന്ധത്തിന് സമ്മതിക്കാതിരുന്ന ഭാര്യയെ ഭര്‍ത്താവ് മൃഗീയമായി കൊന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സ്വദേശിനി ജെസീന്ത ജോസ്ബിനാണ് ഭര്‍ത്താവിന്റെ അതിക്രമത്താല്‍ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശങ്കര്‍ സഹായരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നെന്ന് ബന്ധുക്കളും മറ്റ് അടുത്ത വൃത്തങ്ങളും പോലീസിനോട് പറഞ്ഞു.

ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനാണ് സഹായരാജ്. ഇയാള്‍ സ്ഥിരമായി ജോലിക്ക് പോകാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. രണ്ടുമാസം മുമ്പ് ജെസീന്തയോട് ആലോചിക്കാതെ അവരുടെ രണ്ടര പവന്‍ വരുന്ന സ്വര്‍ണം സഹായരാജ് പണയം വെക്കുകയും ഇതോടെ വഴക്ക് മൂര്‍ച്ഛിക്കുകയും ജെസീന്ത തഞ്ചാവൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.

സെപ്തംബര്‍ 30 ന് മാതാപിതാക്കളെ കൂട്ടി സഹായരാജ് തഞ്ചാവൂരില്‍ പോയി ഭാര്യയെ തിരികെ കൊണ്ടു വന്നു. എന്നാല്‍ ശനിയാഴ്ച രാത്രി ഇവര്‍ വീണ്ടും വഴക്കടിച്ചു. അതിനുശേഷം ജെസീന്ത ലൈംഗികബന്ധത്തിന് വിസമ്മതിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ട സഹായരാജ് പുലര്‍ച്ചെയോടെ ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു. ജെസീന്ത ബഹളം വെച്ചപ്പോള്‍ സഹായരാജ് അടുക്കളയില്‍നിന്ന് കത്തിയെടുത്ത് അവരുടെ കഴുത്ത് മുറിക്കുകയും, അമ്മിക്കല്ലെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം സഹായരാജ് മുറിയില്‍ കിടന്നുറങ്ങി. ഞായറാഴ്ച രാവിലെ മുകള്‍ നിലയില്‍ താമസിക്കുന്ന സഹായരാജിന്റെ മാതാപിതാക്കളും സഹോദരിയും കതകില്‍ തട്ടിയപ്പോഴാണ് സഹായരാജ് മുറി തുറന്നത്. അപ്പോഴാണ് ജെസീന്തയെ മരിച്ച നിലയില്‍ കണ്ടത്. കൊലപാതകത്തിന് ശേഷം ഗ്രാമ അധികാരിക്ക് മുമ്പില്‍ കീഴടങ്ങിയ സഹായരാജിനെ പോലീസിന് കൈമാറി. കഴിഞ്ഞ ജനുവരിയിലായിരുന്നു സഹായരാജും ജെസീന്തയുമായുള്ള വിവാഹം നടന്നത്.

Top