സുഗന്ധ വ്യഞ്‌ജന കയറ്റുമതി കുതിക്കുന്നു: വിപണിയില്‍ കടന്നത്‌ 1490 കോടി

oldകൊച്ചി: കടുത്ത മത്സരം നിലനില്‍ക്കുമ്പോഴും അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പ്രിയം കൂടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതി 14,900 കോടി രൂപയിലെത്തി.

കഴിഞ്ഞ വര്‍ഷം 7,55,000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റി അയയ്ക്കാനാണ് സ്‌പൈസസ് ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 8,93,920 ടണ്‍ ഉത്പന്നങ്ങള്‍ കയറ്റി അയക്കാന്‍ കഴിഞ്ഞു. മുന്‍ വര്‍ഷത്തെ 8,17,250 ടണ്ണിനേക്കാള്‍ ഒന്‍പതു ശതമാനം വര്‍ധന. 2013-14 ല്‍ 13,735.39 കോടി രൂപയുടെ കയറ്റുമതിയായിരുന്നു നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ മുളകിനാണ് ലോക വിപണിയില്‍ ഏറ്റവും പ്രിയം. 2014-15 ല്‍ 3,47,000 ടണ്‍ മുളകാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ 11.04 ശതമാനം അധികം. 3,517.10 കോടി രൂപയുടെ കയറ്റുമതിയിലൂടെ 29.20 ശതമാനം അധിക മൂല്യവും ലഭിച്ചു. 1,55,500 ടണ്ണുമായി ജീരകമാണ് രണ്ടാം സ്ഥാനത്ത്. മൂല്യം 1,838.20 കോടി രൂപ. 2013-14 ല്‍ 1,600.06 കോടി രൂപ വില വരുന്ന 1,21,500 ടണ്‍ ജീരകമാണ് കയറ്റി അയച്ചത്. 25,750 ടണ്‍ പുതിന, അനുബന്ധ ഉത്പന്നങ്ങള്‍ കയറ്റി അയച്ചു. 2,689.25 കോടി രൂപയാണ് ഇതിന്റെ മൂല്യം.
സുഗന്ധവ്യഞ്ജന എണ്ണകളും ഓലിയോറെസിന്‍സും ഉള്‍പ്പെടുന്ന മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയാണ്. 11,475 ടണ്‍ കയറ്റുമതിയിലൂടെ 1,910.90 കോടി രൂപയുടെ വിദേശനാണ്യം ഇവ നേടിത്തന്നു. വിലയില്‍ 10 ശതമാനവും അളവില്‍ ഒരു ശതമാനവുമാണ് കയറ്റുമതി വര്‍ദ്ധന.

21,450 ടണ്‍ കുരുമുളകാണ് 2014-15 ല്‍ കയറ്റി അയച്ചത്. 1208.42 കോടി രൂപയുടെ വിദേശനാണ്യമാണ് ഇതിലൂടെ ലഭിച്ചത്. കയറ്റുമതി അളവില്‍ ഒരു ശതമാനം മാത്രമാണ് വര്‍ദ്ധനയെങ്കിലും മൂല്യത്തിലെ വര്‍ദ്ധന 29 ശതമാനമാണ്. കയറ്റുമതി വര്‍ദ്ധനയുടെ കാര്യത്തില്‍ മഞ്ഞളും മുന്നില്‍ത്തന്നെയാണ്. 2013-14 ല്‍ 666.76 കോടി രൂപയ്ക്ക് 77,500 ടണ്‍ മഞ്ഞളാണ് കയറ്റുമതി ചെയ്തതെങ്കില്‍ പോയ വര്‍ഷം 744.35 കോടി രൂപയ്ക്ക് 86,000 ടണ്‍ മഞ്ഞള്‍ ഇന്ത്യയില്‍ നിന്ന് വിദേശ വിപണിയിലെത്തി.

വിദേശ വിപണിയില്‍ വലിയ ഡിമാന്റുള്ള മറ്റൊരു സുഗന്ധവ്യഞ്ജനം മല്ലിയാണ്. 46,000 ടണ്‍ മല്ലി ഇന്ത്യയില്‍ നിന്ന് കയറിപ്പോയി. 498.13 കോടി രൂപയുടെ വിദേശനാണ്യ വരുമാനം മല്ലി നേടിത്തന്നു. ചെറിയ ഏലം 498.12 കോടി രൂപയ്ക്കും വലിയ ഏലം 84.04 കോടി രൂപയ്ക്കും കയറ്റുമതി ചെയ്യപ്പെട്ടു. ഉയര്‍ന്ന ഗുണമേന്മയും ദീര്‍ഘകാലം കേടുകൂടാതെയിരിക്കുന്നതുമാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിക്കുന്നതെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയതിലക് പറഞ്ഞു.

Top