തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഫലം പുറത്തുവന്നു. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നു റിപ്പോര്‍ട്ട്. പൊലീസിന്റെ അനലിറ്റിക്കല്‍ ലാബിലാണ് രക്ത സാംപിള്‍ പരിശോധിച്ചത്. പരിശോധനാഫലം പൊലീസിന് കൈമാറി.
ഇതിനിടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ സഹായകമായ ഗുളികകള്‍ ശ്രീറാം കഴിച്ചിരിക്കാമെന്ന സംശയവും ബലപ്പെടുന്നുണ്ട്. അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കായി എടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് 10മണിക്കൂര്‍ വൈകിയാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്. അത് നിംസ് ആശുപത്രിയില്‍ പരിശോധിച്ച് മദ്യത്തിന്റെ അംശമില്ലെന്ന് ഉറപ്പുവരുത്തിയാണെന്നും ആക്ഷേപം ഉയരുന്നു.
അപകടം നടന്ന് 10 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിച്ചത്. മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ കഴിയാത്തത് ഇതുമൂലമാണെന്നു ആക്ഷേപമുണ്ട്. ഇതോടെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് നിലനില്‍ക്കുമോയെന്നു സംശയമുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാതെയായിരുന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളേക്കുറിച്ചും ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകളേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. രക്തം പരിശോധനക്ക് അയച്ച കാര്യവും സൂചിപ്പിക്കുന്നില്ല. മദ്യപിച്ചും സാഹസികമായും വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകുമെന്ന് അറിയാവുന്ന പ്രതിയെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
പകല്‍ വെളിച്ചത്തില്‍ മാധ്യമങ്ങളുടെ മുന്നില്‍ വച്ചാണ് പോലീസ് ശ്രീറാമിന് രക്ഷപ്പെടാനുള്ള ഇത്തരം പഴുതുകള്‍ ഉണ്ടാക്കി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിശിഷ്യാ മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ഇത്രയും അലംഭാവം കാണിച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസിന് ധൈര്യമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ ശ്രീറാമിന് കിട്ടിയിട്ടുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.
ശ്രീറാമിനെതിരെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കുറ്റം ചുമത്തിയിട്ടുമുണ്ട്. വഫ ഫിറോസില്‍ നിന്നു നിര്‍ബന്ധപൂര്‍വമാണ് ശ്രീറാം വാഹനം വാങ്ങിയതെന്നും അമിതവേഗത്തിലാണ് ഓടിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വഫ ഫിറോസിനെ കൂട്ടുപ്രതിയാക്കിയതിലൂടെ അവര്‍ നല്‍കുന്ന മൊഴിയും കാര്യമായി കോടതി പരിഗണിക്കില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ ശ്രീറാമിനെ രക്ഷിക്കാനുള്ള എല്ലാ വഴികളും വെട്ടിയിരിക്കുകയാണ് പോലീസ്.