കൊളംബോ: മ്യാന്‍മറിലെ മുസ്ലീം ജനവിഭാഗമായ റോഹിങ്യകള്‍ക്ക് നേരെ വംശീയ ആക്രമണം നടത്തിയ ബുദ്ധിസ്റ്റുകളുടെ തുടര്‍ച്ച എന്നോണം ശ്രീലങ്കയിലും മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണ പരമ്പര. റോഹിങ്യകളെ കൂട്ടക്കുരുതി നടത്തിയ ബുദ്ധിസ്റ്റ് തീവ്രവാദികള്‍ക്ക് നേരെ അന്താരാഷ്ടട്രതലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അഹിംസ ഉപദേശിച്ച ബുദ്ധമാര്‍ഗ്ഗത്തില്‍ നിന്നും കടകവിരുദ്ധമായ പ്രവര്‍ത്തികളാണ് ശ്രീലങ്കയില്‍ നടക്കുന്നത്.
ശ്രീലങ്കയിലെ കാന്‍ഡി നഗരത്തിലാണ് മുസ്ലിം വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബുദ്ധമതത്തിലെ തീവ്രവാദ സംഘങ്ങളാണ് ഇതിന് പിന്നില്‍. അക്രമം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് രാജ്യത്തുടനീളം സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമികളെ ഏതുവിധത്തിലും അമര്‍ച്ച ചെയ്യാന്‍ സായുധസേനയ്ക്ക് അധികാരമുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചിട്ടുണ്ട്. പത്തുദിവസത്തേക്കാണ് ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് അക്രമം നിയന്ത്രാതീതമാണെന്ന് കണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. വര്‍ഗീയ കലാപം ആളിപ്പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കാന്‍ഡിയില്‍ ബുദ്ധമത വിശ്വാസി കൊല്ലപ്പെടുകയും തുടര്‍ന്ന് മുസ്ലിം മതവിശ്വാസികളുടെ സ്ഥാപനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ തുടങ്ങിയ സംഘര്‍ഷം പിന്നീട് രാജ്യത്തിന്റെ മറ്റിങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ഫേസ്ബുക്ക് വഴിയാണ് വ്യാജവാര്‍ത്തകളും അക്രമത്തിനുള്ള ആഹ്വാനങ്ങളും പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയശേഖര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കാന്‍ഡിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ പൊലീസ് അവിടെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മാരകായുധങ്ങളുപയോഗിച്ച് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.
ബുദ്ധമതക്കാരനായ ഒരാളെ മുസ്ലിം സംഘം കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അക്രമം ആളിപ്പടര്‍ന്നത്. ബുദ്ധിസ്റ്റ് തീവ്രവാദ സംഘടനകള്‍ തുടര്‍ന്ന് കാന്‍ഡിയില്‍ തേര്‍വാഴ്ച നടത്തി. മുസ്ലീങ്ങളുെടെ ഉടമസ്ഥതയിലുള്ള 11-ഓളം സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഒട്ടേറെപ്പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റു. ശ്രീലങ്കയില്‍ നിലനിന്ന തമിഴ് ആഭ്യന്തര യുദ്ധം പോലെ ഇതും പടര്‍ന്ന് പിടിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍ പെട്ടെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അക്രമികളെ നേരിടാന്‍ തയ്യാറായത്.
അടിയന്താരാവസ്ഥയുടെ വിശദാംശങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അനാവശ്യ പ്രചാരണങ്ങള്‍ തടയുന്നതിന് സോഷ്യല്‍ മീഡിയയ്ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദയസിരി ജയശേഖര പറഞ്ഞു. അക്രമങ്ങളുടെ ദൃശ്യങ്ങളും മറ്റും ചിലര്‍ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിപ്പിക്കുന്നുവെന്ന് കണ്ടാണ് ഈ നടപടി. ശ്രീലങ്കയില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ ഫേസ്ബുക്കാണ്. അതിലൂടെയാണ് അക്രമദൃശ്യങ്ങള്‍ കൂടുതലായും പ്രചരിച്ചതും.
അക്രമം നടക്കുന്നത് കാന്‍ഡിയിലാണെങ്കിലും അടിയന്തരാവസ്ഥ രാജ്യം മുഴുവന്‍ വ്യാപകമാണ്. കാന്‍ഡിക്ക് പുറത്ത് അടിയന്തരാവസ്ഥ എത്രത്തോളം തീവ്രമായിരിക്കുമെന്ന കാര്യവും വ്യക്തമല്ല. മറ്റൊരിടത്തുനിന്നും അക്രമസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍, ആ ഭാഗങ്ങളില്‍ മുന്‍കരുതലെന്ന നിലയ്ക്കാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞമാസവും രാജ്യത്തുണ്ടായ വര്‍ഗീയ കലാപത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ത്തിരുന്നു.
നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് തീവ്ര ബുദ്ധമത സംഘടനകള്‍ രംഗത്തു വന്നത്. ബുദ്ധമത കേന്ദ്രങ്ങള്‍ അവര്‍ തകര്‍ക്കുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. മ്യാന്മറില്‍ നിന്നുമുള്ള റോഹിങ്യന്‍ അഭയാര്‍ത്ഥികളുടെ സാന്നിധ്യവും ബുദ്ധമത സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.