ശ്രീനഗർ: ബലാത്സംഗ കേസിലെ പ്രതിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീരില്‍ ഹിന്ദു എക്ത മഞ്ചിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. കശ്മീരിലെ കത്വ ജില്ലയിലായിരുന്നു സംഭവം. എട്ടു വയസുകാരിയായ നാടോടി പെൺകുട്ടി ആഷിഫയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോലീസുകാരനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നിരപരാധികളെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നതെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ദേശീയ പതാകയും വഹിച്ചുകൊണ്ട് നൂറുകണിക്കിനാളുകളാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. ജമ്മു-പത്താൻകോട്ട് ദേശീയപാതയിലായിരുന്നു മാർച്ച് നടന്നത്. പ്രതിയെ വിട്ടയക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. മാർച്ചിൽ പാകിസ്താൻ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു. സ്പെഷൽ പൊലീസ് ഓഫീസർ (സിപിഒ) ദീപക് ഖുജരിയയും പ്രായപൂർത്തിയാവാത്ത ഒരാൺകുട്ടിയും ചേർന്നാണ് ആഷിഫയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന പ്രതികൾ തിരിച്ചറിയാത്തവിധം മൃതദേഹം വികൃതമാക്കുകയും ചെയ്തു. ബലാത്സംഗ കേസിലെ പ്രതിയെ വിട്ടുകിട്ടാൻ ദേശീയപതാക വഹിച്ചുകൊണ്ടുള്ള മാർച്ച് ഞെട്ടിക്കുന്നതാണെന്ന് മുഖ്യലമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.
ബലാത്സംഗ കേസിലെ പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യം; കശ്മീരില്‍ ഹിന്ദു എക്ത മഞ്ചിന്റെ നേതൃത്വത്തില്‍ പ്രതിഷേധം
Tags: rape