കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തിലെ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുന്നു. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ എംപാനല്‍ഡ് ചെയ്ത കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിട്ടും ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആവശ്യവുമായി സർക്കാർ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നത്.
എന്നാല്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് നേരത്തേത്തന്നെ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും നാലുകാര്യങ്ങളില്‍ വിശദീകരണം തേടി തിരിച്ചയക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് 1200ഓളം കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ഓരോ ദിവസവും നഗര മേഖലകളില്‍ കാട്ടു പന്നികളുടെ എണ്ണം കൂടുകയാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ കൃഷിനാശം വരുത്തിയ 10,335 സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 5.54 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കി. കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലു പേർ മരിക്കുകയും ചെയ്തു.