കൊല്‍ക്കത്ത: തെരുവ് നായകള്‍ ഒരു പേടിസ്വപ്നമായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് പോലും കുഞ്ഞുങ്ങളെ നായകള്‍ കടിച്ചെടുത്ത് കൊണ്ടുപോയ വാര്‍ത്തകള്‍ നാമേറെ കേട്ടിട്ടുണ്ട്. എന്നാല്‍ സ്നേഹിക്കാന്‍ ഇത്രമേല്‍ അറിയുന്ന ഒരു മൃഗം ലോകത്ത് വേറെ ഉണ്ടോ എന്നുമറിയില്ല. അത്രമേല്‍ സ്നേഹവുമാണ് നായ്ക്കള്‍ക്ക്. ഒരു കുഞ്ഞു ബിസ്‌ക്കറ്റ് കഷ്ണം കൊണ്ട് പോലും ജയിക്കാവുന്ന ഒരു മൃഗം കൂടിയാണ് നായ ഇവിടെയിതാ നായയുടെ കരുതലിന്റേയും സ്നേഹത്തിന്റേയും ആഴം വിളിച്ചു പറയുന്ന ഒരു കഥ.
പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ നിന്നുള്ളതാണ് കഥ. തണുത്ത് മരവിച്ച തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ചോരപ്പൈതലിന് കാവല്‍ നിന്ന്, ആ ഇരുളിന്റെ എല്ലാ ഭീകരതയില്‍ നിന്നും ആ കുഞ്ഞിനെ കാത്ത തെരുവി നായ്ക്കളുടെ കഥ.
നദിയാദിലെ നബദ്വീപ് ടൗണിലെ സ്വരൂപ് നഗര്‍ റെയില്‍വേകോളനിയിലെ താമസക്കാരെ അതിശയിപ്പിക്കുന്നതായിരുന്നു ആ പുലരി. പിറന്നു വീണ് മണിക്കൂറുകള്‍ മാത്രമായൊരു ചോരകുഞ്ഞ്. ശരീരത്തിലെ ചോരപ്പൊടിപ്പുകള്‍ മാറത്ത ആ കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ച് മാതാവ് മുങ്ങുന്നു. എന്നാല്‍ ഇത് കണ്ണില്‍പെട്ട നായ്ക്കള്‍ പക്ഷേ ആ ചോരമണം വലിച്ചെടുത്തില്ല.
ഒരു തുണി പോലും ദേഹത്തില്ലാതെ വലിച്ചെറിയപ്പെട്ട ആ കുരുന്നുടല്‍ അവര്‍ കടിച്ചു കുടഞ്ഞില്ല. പകരം അതിന് ചുറ്റും അവര്‍ കാവലിരുന്നു. കുരക്കാതെ ബഹളം വെക്കാതെ ആര്‍ത്തു കരയുന്ന ആ കുഞ്ഞിന് ചുറ്റും അവര്‍ നിശബ്ദദയുടെ താരാട്ട് തീര്‍ത്തു. ആ കുഞ്ഞുടലിനെ അവര്‍ പൊതിഞ്ഞ് നിന്ന് അതിന് ചൂടു പകര്‍ന്നു. ഇത് കണ്ടാണ് ആ നാട്ടുകാര്‍ കണ്‍തുറന്നത്.
‘രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത് അതിശയകരമായ കാഴ്ചയായിരുന്നു. കുഞ്ഞിന് ചുറ്റും കാവലിരിക്കുന്ന ഒരു കൂട്ടം നായ്ക്കള്‍’ -കുഞ്ഞിനെ ആദ്യം കണ്ട ശുക്ല മൊണ്ടലിന്റെ വാക്കുകള്‍.
സുഖമില്ലാത്ത കുഞ്ഞിന്റെ കരച്ചിലാണെന്നാണ് ആദ്യം കരുതിയതെന്ന് മറ്റൊരു ഗ്രാമവാസി സുഭാഷ് പാല്‍ പറഞ്ഞു. വീടിന് പുറത്ത് ഒരു ചോരകുഞ്ഞാണെന്ന് ഒരിക്കലും കരുതിയില്ല. ചുറ്റം നായകള്‍ കാവലിക്കുന്നത് കണ്ടപ്പോള്‍ ആദ്യമൊന്ന് ഭയന്നു. പിന്നെ മനസ്സിലായി അവര്‍ കുഞ്ഞിന് കാവലിരിക്കുകയാണെന്ന്- സുഭാഷ് പാല്‍ പറഞ്ഞു.
കുട്ടിയെ എടുക്കാനായി ശുക്ല മൊണ്ഡലും രാധ ഭൗമികും വന്നപ്പോള്‍ നായകള്‍ ഒഴിഞ്ഞു മാറുകയും ചെയ്തു. കുഞ്ഞിനെ പിന്നീട് ഗ്രാമീണര്‍ മഹേഷ് ഗഞ്ചിലെയും തുടര്‍ന്ന് കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലുമെത്തിച്ചു. കുഞ്ഞിന് പരുക്കുകളൊന്നും ഇല്ലെന്നും, പിറന്നപ്പോഴുള്ള ചോരയാണ് തലയിലുള്ളതെന്നും ഡോക്ടര്‍ പറഞ്ഞു.
ജനിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്ന് പൊലിസ് അറിയിച്ചു. നബദ്വിപ് പൊലിസും ചൈല്‍ഡ് ഹെല്‍പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


