കോടികള്‍ വിലയുള്ള സത്യസന്ധത, അമയയെ വാരിപ്പുണര്‍ന്ന് ഫൗസിയ, വയോധികയ്ക്ക് തിരികെ കിട്ടിയത് ലക്ഷങ്ങളുടെ സ്വര്‍ണാഭരണം

വഴിയരികില്‍ നിന്ന് കിട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണം ഉടമയെ ഏല്‍പ്പിച്ച് നാടിന് അഭിമാനമായി പ്ലസ് ടു വിദ്യാര്‍ത്ഥിനി അമയ (17). പേരാമ്പ്ര റോഡില്‍ വെച്ച് നഷ്ടപ്പെട്ട അഞ്ച് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പഴ്‌സ് തിരികെ ലഭിച്ചപ്പോള്‍ വയോധികയായ ഫൗസിയയുടെ (81) ആശങ്കകള്‍ക്കാണ് വിരാമമായത്. തന്റെ നിധി തിരികെ കിട്ടിയ ആ നിമിഷം, കണ്ണുനിറഞ്ഞ ഫൗസിയ അമയയെ വാരിപ്പുണര്‍ന്ന് നന്ദി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമാള്‍പുരം ചെറുകുറ്റി സ്വദേശിനി ഫൗസിയയുടെ അഞ്ച് പവന്‍ വരുന്ന ആഭരണം അടങ്ങിയ പഴ്സ് പേരാമ്പ്ര റോഡിലെ കേരള ബാങ്കിന് സമീപത്ത് വെച്ച് നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് ബാഗില്‍ പഴ്സില്ലെന്ന് വയോധിക തിരിച്ചറിഞ്ഞത്. അടുത്ത ദിവസം രാവിലെ തന്നെ പയ്യോളിയിലെത്തി സ്റ്റാന്റിലും വഴിയരികിലുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ പയ്യോളി പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്റ്റേഷനിലുണ്ടായിരുന്ന വനിതാ എസ്ഐ വഴിയാണ് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയ വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്ന കാര്യം ഫൗസിയ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, പയ്യോളി-പേരാമ്പ്ര റോഡിലെ സൂപ്പര്‍ മെഡിക്കല്‍സ് ഉടമ എം. ഫൈസല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചതെന്ന് ബോധ്യമായി. പയ്യോളി ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അമയക്കാണ് വഴിയരികില്‍ നിന്ന് ഈ പഴ്‌സ് കളഞ്ഞുകിട്ടിയത്.

പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഫൈസല്‍ ആഭരണവുമായി സ്റ്റേഷനിലെത്തി. തുടര്‍ന്ന്, അമയയുടെ സാന്നിധ്യത്തില്‍ പോലീസ് സ്വര്‍ണാഭരണങ്ങള്‍ ഫൗസിയക്ക് കൈമാറി. പണത്തെക്കാള്‍ മൂല്യമേറിയ സത്യസന്ധതയുടെ മാതൃക കാണിച്ച അമയയെ നാട്ടുകാര്‍ അഭിനന്ദനം കൊണ്ട് മൂടുകയാണ്.

 

 

Top