തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കോടതി അധികാരപരിധി ലംഘിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശം അനുചിതവും അനവസരത്തിലുള്ളതുമാണ്. കേസ് ഡയറി പരിശോധിക്കാരെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷ മാത്രം പരിഗണിച്ച് കോടതി കേസിനെ വിലയിരുത്തി.
പ്രതിയുടെ ജാമ്യാപേക്ഷ മാത്രം പരിഗണിച്ച് ഏതെങ്കിലും കേസിന്റെ മെരിറ്റിലേക്ക് കോടതികള്‍ അനാവശ്യമായി കടക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സുധീരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു.
വെള്ളാപ്പള്ളിക്ക് ജാമ്യം അനുവദിച്ച് ജസ്റ്റീസ് പി.ഭവദാസന്‍ നടത്തിയ പരാമര്‍ശമാണ് സുധീരനെ പ്രകോപിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ലെന്നും സര്‍ക്കാരിന്റെ വിവേചനപരമായ സമീപനത്തെയാണ് പ്രസംഗത്തിലൂടെ പരാമര്‍ശിച്ചതെന്നും കോടതി വിലയിരുത്തിയിരുന്നു.
കോടതിയുടെ പരാമര്‍ശം കേസിന്റെ മുന്നോട്ടുള്ള നടപടിയെ എങ്ങനെ ബാധിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് കേസില്‍ കക്ഷിയായ ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും പ്രതികരിച്ചു. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തിനെതിരെ വേണ്ടിവന്നാല്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.