ആത്മഹത്യ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു പെണ്‍കുട്ടി ജീവനൊടുക്കി; ഭര്‍ത്താവിനുള്ള ആത്മഹത്യാ സന്ദേശം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നു 27 കാരിയായ പെണ്‍കുട്ടി ആത്മഹത്യാ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ജീവനൊടുക്കി. ഭര്‍ത്താവിനുള്ള സന്ദേശം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ആഗ്ര ദയാലാബാഗ് സ്വദേശി നേഹാ യാദവാണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്.
ആഗ്ര സ്വദേശിയായ യതേഷ് യാദവിന്റെ ഭാര്യയാണ് ആത്മഹത്യ ചെയ്ത നേഹാ യാദവ്. സംഭവ ദിവസം നേഹ യതേഷിനെ അയല്‍വാസിയുടെ ഫോണില്‍ വിളിച്ച ശേഷം ഇനി തന്നെ ഒരിക്കലും കാണാനാവില്ലെന്നു അറിയിക്കുകയായിരുന്നു. ഇതിനു ശേഷം വീട്ടില്‍ മടങ്ങിയെത്തിയ നേഹ, തന്റെ മരണമൊഴി ഫോണില്‍ രേഖപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. തൂങ്ങി മരിച്ചതിന്റെ ദൃശ്യങ്ങളും ഇവര്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇതോടൊപ്പം ആത്മഹത്യാ കുറിപ്പും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.
നേഹയുടെ ഭീഷണി സ്വരത്തോടെയുള്ള കോളിനു ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യതേഷ് യാദവ് കണ്ടത് തൂങ്ങി മരിച്ചു നില്‍ക്കുന്ന നേഹയെയാണ്. ഇതിനു ശേഷം യതേഷ് വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മേശപ്പുറത്തെ ഫോണില്‍ നിന്നും ഇവരുടെ ആത്മഹത്യാ കുറിപ്പും, മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശവും, വീഡിയോ ദൃശ്യങ്ങളും കണ്ടെത്തിയത്. എന്നാല്‍, സംഭവത്തിനു പിന്നില്‍ ദുരൂഹത സംശയിക്കുന്നുണ്ടെന്നാണ് യതേഷ് പൊലീസിനു മൊഴി നല്‍കിയത്. നേഹയുടെ രണ്ടാനമ്മയെയാണ് ഇദ്ദേഹം സംശയിക്കുന്നതെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ യതേഷ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇദ്ദേഹത്തിനു വാട്‌സ് അപ്പില്‍ ലഭിച്ച നേഹയുടെ ആത്മഹത്യാ കുറിപ്പും, വോയിസ് റെക്കോര്‍ഡും അദ്ദേഹം കൈമാറിയിട്ടുണ്ട്.

Top