ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിയും മുന്‍ മന്ത്രിയുമായ ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണകാരണം അറിയില്ലെന്ന് ഡല്‍ഹി പോലീസ്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസ് കൂടുതല്‍ സമയം തേടി. സുനന്ദയുടെ മരണകാരണം അന്വേഷിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിനൊപ്പമാണ് തല്‍സ്ഥിതി റിപ്പാര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.ഇതിനിടെ സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പാവ്വയാണ് സുനന്ദയുടെ മകനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും.
സുനന്ദ പുഷ്കറെ മരിച്ചനിലയില്‍ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ മുറി തുറന്നുകൊടുക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം മുറി തുറന്നുകൊടുക്കാനാണു മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പങ്കജ് ശര്‍മയാണ് ഉത്തരവിട്ടത്.ദിവസം 55,000 മുതല്‍ 61,000 വരെ വാടകയുള്ള മുറി മൂന്നു വര്‍ഷത്തിലേറെക്കാലമായി സീല്‍ ചെയ്തതുമൂലം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. 2014 ജനുവരി 17നാണു മുറി പൂട്ടി സീല്‍ ചെയ്തത്.