മമ്മൂട്ടി അടുത്ത് വന്നപ്പോള്‍ സണ്ണി ലിയോണ്‍ പേടിച്ചുവിറച്ചു

മമ്മൂട്ടി ചിത്രം മധുരാജയിലൂടെ ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുകയാണ്. മമ്മൂട്ടിക്കൊപ്പം ഡാന്‍സ് കളിച്ചാണ് സണ്ണിയെത്തുന്നത്. മമ്മൂട്ടി എന്ന താരത്തെക്കുറിച്ച് സണ്ണിക്ക് വാ തോരാതെ പറയാനുണ്ടായിരുന്നു. അത്രയും ബഹുമാനത്തോടെയാണ് സണ്ണി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു. സെറ്റില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ പേടിച്ചു പോയെന്നും ഉദയകൃഷ്ണ പറയുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ വരുന്നതിനു മുന്നേ സണ്ണി ലിയോണ്‍ മമ്മൂട്ടിയെപ്പറ്റി പഠിച്ചിരുന്നു.

ചൂടന്‍ പ്രകൃതക്കാരനാണെന്നും സ്ത്രീകളോട് തീരെ അടുത്തിടപെടാത്ത ആളാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പലരില്‍നിന്നും അറിഞ്ഞിരുന്നു. അതിനാല്‍ ഒരു ഭയം അവര്‍ക്കുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുന്നത്. അതും 25 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കില്‍. മമ്മൂട്ടിയെ കണ്ട മാത്രയില്‍ അവരുടെ കാലുരണ്ടും കൂട്ടിയിടിക്കാന്‍ തുടങ്ങി.

അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോള്‍, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നത് കണ്ടപ്പോഴാണ് അവരുടെ പേടി പോയതെന്നും അദ്ദേഹം പറയുന്നു. ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ഉണ്ടെന്നുള്ളത് നേരത്തേ തീരുമാനിച്ചതാണെന്നും ഉദയകൃഷ്ണ പറഞ്ഞു. ആരാകണം ഡാന്‍സര്‍ എന്ന് ആലോചിച്ചപ്പോള്‍ സണ്ണി ലിയോണിന്റെ പേര് ഉയര്‍ന്നുവന്നു.

ഉടന്‍തന്നെ വൈശാഖ് അവരുടെ വ്യൂവര്‍ഷിപ് നോക്കി. അവരാണ് ടോപ്പ്. മമ്മൂട്ടി എങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍, അവരൊക്കെ മലയാളത്തിലേക്കു വരുമോ എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഉദയകൃഷ്ണ പറഞ്ഞു. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണപീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.

Top