പാലാരിവട്ടം പാലം പൊളിച്ചു പണിയാം: സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി.യുഡിഎഫിനും ഉമ്മൻ ചാണ്ടിക്കും വീണ്ടും പ്രഹരം.അഴിമതി വിഴുങ്ങിയത് 39 കോടി.

ന്യൂഡൽഹി : പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. കേരളം കണ്ട ഏറ്റവും വലിയ നിര്‍മാണ അഴിമതികളിലൊന്നാണ് പാലാരിവട്ടം പാലം നിർമാണ അഴിമതി . കോടികള്‍ ചെലവഴിച്ച് രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി, കൊട്ടിഘോഷിച്ച് ഗതാഗതത്തിനു തുറന്ന്, രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്‌ക്കേണ്ടിവന്ന പാലാരിവട്ടം മേല്‍പ്പാലം, പൊളിച്ചു പണിയാന്‍ തീരുമാനിക്കുന്നതോടെ പുറത്താകുന്നതു വലിയ അഴിമതിയാണ്

ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട്‌ നൽകിയ ഇടക്കാല അപേക്ഷയിലുമാണു ജസ്റ്റിസ് ആർ.എഫ്‌.നരിമാൻ അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.പാലം പൊളിച്ചു പണിയുന്നതിനു നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

ഉദ്യോഗസ്ഥതല അഴിമതിയുടെയും നിര്‍മാണത്തിലെ പിഴവുകളുടെയും നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ് ഈ മേല്‍പ്പാലം. 39 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് ഇപ്പോള്‍ പൊളിച്ചു കളഞ്ഞ് പുതിയതു നിര്‍മിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഒരു തരത്തിലുള്ള അറ്റക്കുറ്റപ്പണികളും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയപാത അതോറിറ്റി നിര്‍മിച്ചാല്‍ ടോള്‍ ഈടാക്കുമെന്നു ചൂണ്ടിക്കാട്ടി ഇതൊഴിവാക്കാനായിരുന്നു ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ നിര്‍മാണം സംസ്ഥാനം ഏറ്റെടുത്തത്.

മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സൂരജിനൊപ്പം സുമിത് ഗോയല്‍, ബെന്നി പോള്‍, എം.ടി. തങ്കച്ചന്‍ എന്നിവരും അറിസ്റ്റിലായി. നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സ് എംഡിയാണ് സുമിത് ഗോയല്‍. കിറ്റ്‌കോ മുന്‍ എംഡിയാണ് ബെന്നി പോള്‍. ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജരാണ് എം.ടി.തങ്കച്ചന്‍. പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തു. അഞ്ചാംപ്രതിയാക്കിയാണ്‌ കിറ്റ്‌കോയിലെ ഉദ്യോഗസ്ഥരായ നിഷ തങ്കച്ചി, ഷാലിമാർ, പാലം രൂപകൽപ്പന ചെയ്‌ത ബംഗളൂരുവിലെ നാഗേഷ്‌ കൺസൾട്ടൻസിയിലെ മഞ്ജുനാഥ്‌ എന്നിവരെയും പ്രതിചേർത്തു. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം എട്ടായി.

മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന്‌ ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത്‌ ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ മൊഴി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ്‌ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഗവർണർ അനുമതി നൽകിയത്‌. മഞ്ജുനാഥ്‌ തയ്യാറാക്കിയ പാലത്തിന്റെ രൂപകൽപ്പന കിറ്റ്‌കോയിലെ രൂപകൽപന മേധാവി നിഷ തങ്കച്ചിയും ഉദ്യോഗസ്ഥനായ ഷാലിമാറും പരിശോധന കൂടാതെ അംഗീകരിക്കുകയായിരുന്നു. ഇതിൽ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നുവെന്ന്‌ കണ്ടെത്തിയാണ്‌ മൂന്നുപേരെയും പ്രതികളാക്കിയത്‌.

Top