ന്യൂഡല്‍ഹി: സിനിമയ്ക്ക് മുമ്പ് തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് കാണിക്കാനായി എല്ലാപേരും എണീറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി മുമ്പ് വിധിച്ചിരുന്നു. വളരെയധികം വിമര്‍ശനങ്ങളും പ്രതികരണങ്ങളും ഈ വിധിയെത്തുടര്‍ന്ന് ഉണ്ടായി. പല പല സംശയങ്ങളും ഒടലെടുത്തു. ഇതിലൊന്നിനാണ് ഇപ്പോള്‍ സുപ്രീംകോടതി തന്നെ വ്യക്തത വരുത്തിയിരിക്കുന്നത്.
സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. സിനിമയ്ക്ക് പുറമെ ഡോക്യുമെന്ററികള്‍ക്കിടയിലും ദേശീയ ഗാനം ആലപിക്കുന്ന രംഗത്തിലും ഏഴുന്നേല്‍ക്കേണ്ടതില്ല. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ വ്യക്തവരുത്തിയത്. സിനിമ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുകയും ആ സമയം പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി സിനിമയിലെ രംഗത്തിന് ബാധകമാണോ എന്നതിലാണ് കോടതി ഇപ്പോള്‍ വ്യക്തതവരുത്തിയത്.