ദേശീയ ഗാനത്തോടുളള അനാദരവ് കടുത്ത ക്രിമിനല്‍ കുറ്റം; മൂന്ന് വര്‍ഷം തടവ്

ബീജിംഗ്: ദേശീയ ഗാനത്തെ അപമാനിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ചൈന. ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമം ഭേദഗതി ചെയ്തു. ദേശീയവാദികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് നിയമം ഭേഗദതി ചെയ്തത്. നിയമം അര്‍ദ്ധ സ്വയംഭരണാവകാശമുള്ള ഹോങ്കോങിനും മക്കാവുവിനും ബാധകമാക്കിയിട്ടുണ്ട്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ് ഇതിനായി രാജ്യത്തെ ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തത്. പൊതുമദ്ധ്യത്തില്‍ ദേശീയ ഗാനത്തോട് കടുത്ത അനാദരവ് കാട്ടുന്നവര്‍ക്കാണ് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുക.

ഹോങ്കോങില്‍ ഏതാനും വര്‍ഷങ്ങളായി ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള മത്സര വേളകളില്‍ ഒരു വിഭാഗം ആരാധകര്‍ പുറം തിരിഞ്ഞു നിന്നും മറ്റും ചൈനീസ് ദേശീയഗാനത്തെ അപമാനിക്കും വിധം പെരുമാറിയിരുന്നു.

ദേശീയ ഗാനത്തെ അപമാനിക്കുന്നത് 15 ദിവസം വരെ പൊലീസ് കസ്റ്റഡിയില്‍ കിടക്കാവുന്ന കുറ്റമാക്കി കഴിഞ്ഞ സെപ്റ്റംബറില്‍ ചൈന നിയമം കൊണ്ടുവന്നിരുന്നു. അതാണിപ്പോള്‍ കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്തത്. ഇതനുസരിച്ച്, തടവിന് പുറമേ രാഷ്ട്രീയാവകാശങ്ങള്‍ റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

Top