തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന് അതിജീവിത മൊഴിയില്‍ പറയുന്നു. ബംഗളൂരുവില്‍നിന്ന് മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഗുളിക എത്തിച്ച് നല്‍കി. ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് ഗുളിക കഴിപ്പിച്ചത്. ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ മാങ്കൂട്ടത്തില്‍ ഉറപ്പുവരുത്തിയെന്നും മൊഴിയിലുണ്ട്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഗുളിക പെണ്‍കുട്ടിക്ക് എത്തിച്ചത്. കുഞ്ഞ് ഉണ്ടായാല്‍ തന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാകുമെന്നാണ് മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ മാങ്കൂട്ടത്തില്‍ പ്രേരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും മുന്‍പ് പുറത്തുവന്നിരുന്നു. ‘നീ ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കൂ, നമ്മുടെ കുഞ്ഞിനെ വേണം’ എന്നുമായിരുന്നു മാങ്കൂട്ടത്തിലിന്റെ സന്ദേശം. പിന്നീട് ഗര്‍ഭധാരണത്തിന് ശേഷമാണ് അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് പെണ്‍കുട്ടിയെ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചത്. സമ്മതമല്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം മാങ്കൂട്ടത്തില്‍ അസഭ്യം വിളിച്ചു.
കുഞ്ഞ് വേണമെന്നുള്ളത് ആരുടെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോള്‍ എന്തിനാണ് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതെന്നും പെണ്‍കുട്ടി മാങ്കൂട്ടത്തിലിനോട് ചോദിക്കുന്ന ശബ്ദരേഖയും പുറത്തുവന്നതാണ്. ഗര്‍ഭഛിദ്രത്തിന് താല്‍പര്യമില്ലായിരുന്നെന്നും മാങ്കൂട്ടത്തിലിന്റെ ഭീഷണിയെതുടര്‍ന്നാണ് സമ്മതിച്ചതെന്നും മൊഴിയിലുണ്ട്. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.
20 പേജ് വരുന്ന മൊഴിയാണ് റൂറല്‍ എസ്പിക്ക് പെണ്‍കുട്ടി നല്‍കിയത്. അഞ്ചരമണിക്കൂറിലേറെ മൊഴിയെടുക്കല്‍ നീണ്ടു. അതിജീവിതയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് അതിജീവിത പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചനാക്കുറ്റവും കോണ്‍?ഗ്രസ് നേതാവിനെതിരെ ചുമത്തി.
വ്യാഴം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടന്‍ കടക്കും.
കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉയര്‍ന്നത്. മാധ്യമപ്രവര്‍ത്തകയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനംചെയ്ത് യുവ നേതാവ് പീഡിപ്പിച്ചു എന്ന് ആഗസ്തില്‍ പുറത്തുവന്ന വാര്‍ത്തയാണ് ആരോപണങ്ങളുടെ തുടക്കം.


