
തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാന്ദയുടെ ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ശാശ്വതീകാന്ദയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയത് നിയമവിധേയമായല്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ബിജു പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ അന്വേഷണം നടന്നാലും വെള്ളാപ്പള്ളി അത് തടയും. ശാശ്വതീകാനന്ദയെ താനാണ് കൊലപ്പെടുത്തിയത് താനാണെന്ന് വാടകക്കൊലയാളിയായ പ്രിയന്‍ ഫോണില്‍ തന്നോടു പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശനു വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രിയന്‍ പറയുകയും ചെയ്‌തിരുന്നതായും ബിജു രമേശ് ആരോപിച്ചു.
അതിനിടെ ശാശ്വതികാനന്ദ സ്വാമിയുടെ ദുരൂഹ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറുമാണെന്ന് സഹോദരി കെ. ശാന്തകുമാരി. കരുതികൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. ശാസ്ത്രീയമായി നീന്തല്‍ അറിയുന്ന ശാശ്വതികാനന്ദ ഒരിക്കലും മുങ്ങി മരിക്കില്ല. ബിജു രമേശിന്‍െറ വെളിപ്പെടുത്തല്‍ ദൈവ നിശ്ചയമാണെന്നും കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തകുമാരി പറഞ്ഞു.
സ്വാമി ശാശ്വതികാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ രാജേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ശാശ്വതീകാന്ദയുടെ മരണം സംബന്ധിച്ച് തനിക്കെതിരായ ആരോപണം വ്യക്തിഹത്യയുടെ ഭാഗമായിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ രാവിലെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏത് ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയാറാണ്. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
2002 ജൂലൈ ഒന്നിനാണ് ശിവഗിരി മുന്‍ മഠാധിപതിയായ സ്വാമി ശാശ്വതികാനന്ദയെ മരിച്ചനിലയില്‍ കണ്ടെ ത്തിയത്. ആലുവ പുഴയില്‍ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു അദ്ദേഹം.