ശാശ്വതീകാനന്ദയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്‍ ഹൈക്കോടതിയില്‍

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗുണ്ടാ നേതാവ് പ്രിയന്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും തന്നെയടക്കം മുമ്പ് പലവട്ടം ചോദ്യം ചെയ്തതാണെന്നും ഹ‍ജിയിലുണ്ട്.അതിനാല്‍ സിബിഐ പോലുളള കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വഷിപ്പിക്കണമെന്നും ഏതന്വേഷണത്തോടും സഹകരിക്കാന്‍ തയാറെന്നുമാണ് അറിയിച്ചിരിക്കുന്നത്. പ്രിയന്‍ നല്‍കിയ ഹ‍ര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും.
ശാശ്വതീകാനന്ദ സ്വാമിയെ വെള്ളാപ്പള്ളി നടേശന് വേണ്ടിയാണ് പ്രവീണ്‍ വധക്കേസിലെ പ്രതിയായ പ്രിയന്‍ കൊലപ്പെടുത്തിയതെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ഇക്കാര്യം പ്രിയന്‍ തന്നോട് ഫോണില്‍ പറഞ്ഞിട്ടുണ്ടെന്നും ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇതെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം.
പോലീസിന്റെ അന്വേഷണത്തില്‍ കൊലപാതകത്തിന് തെളിവ് ലഭിച്ചിരുന്നില്ല. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇപ്പോള്‍ കേസ് വീണ്ടും വിവാദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. 2002 ജൂലായ് ഒന്നിനാണ് ശാശ്വതീകാനന്ദയെ ആലുവാപ്പുഴയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടത്.

Top