സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗം എന്താണ് ?സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. ഇന്ന് ഇതിന്റെ തോത് വര്‍ദ്ധിക്കുന്നുണ്ടെങ്കിലും നേരത്തെ കണ്ടെത്തുന്നതു കൊണ്ടുംനൂതന ചികിത്സാരീതി അവലംബിക്കുന്നതു കൊണ്ടും സ്തനാര്‍ബുദം മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുമാണ്.
സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും സാധാരണം സ്തനാര്‍ബുദമാണ്. ഇത് സ്തീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ മൂന്നിലൊന്നു വരും. പുതിയ കണക്കനുസരിച്ച് എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നു. ഓരോ വര്‍ഷവും ഒരു ലക്ഷം സ്ത്രീകളില്‍ 40 പേര്‍ക്ക് പുതുതായി ഈ രോഗം നിര്‍ണ്ണയിക്കപ്പെടുന്നു. പുരുഷന്മാര്‍ക്കും ചുരുക്കമായി സ്തനാര്‍ബുദം വരാവുന്നതാണ്. ആധുനിക ചികിത്സാസംവിധാനങ്ങളുടെ സഹായത്താല്‍ സ്തനാര്‍ബുദം ബാധിച്ചവരില്‍ മിക്കവര്‍ക്കും രോഗം നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും.
സാധ്യതകള്‍
* പ്രായം
പ്രായം കൂടുന്തോറും രോഗം വരാനുള്ള സാധ്യത കൂടും. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് കണക്ക് പ്രകാരം 30 വയസ്സിനു താഴെയുള്ള സ്ത്രീകളില്‍ 3 ശതമാനം സാധ്യതയാണെങ്കില്‍ 60 വയസ്സിനു മുകളില്‍ അത് 35 മുതല്‍ 40 ശതമാനം വരെയാണ്.
പ്രായാധിക്യം സാധ്യത കൂട്ടും
പ്രായം സാധ്യത
30 1900-ല്‍ ഒരാള്‍ക്ക്
40 200-ല്‍ ഒരാള്‍ക്ക്
50 50-ല്‍ ഒരാള്‍ക്ക്
60 23-ല്‍ ഒരാള്‍ക്ക്
70 15-ല്‍ ഒരാള്‍ക്ക്
ശരാശരി ആയുസ്സില്‍ 9-ല്‍ ഒരാള്‍ക്ക്
* വ്യായാമക്കുറവ്
* ഗര്‍ഭധാരണവും മുലയൂട്ടലും
മുപ്പത് വയസ്സിനു മുമ്പ് ആദ്യ പ്രസവം നടക്കുന്നതും കൂടുതല്‍ കുട്ടികളുണ്ടാവുന്നതും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. മുലയൂട്ടല്‍ ദൈര്‍ഘ്യം കൂടുന്തോറും രോഗസാധ്യത കുറയും.
* ആര്‍ത്തവാരംഭവും വിരാമവും
നേരത്തെയുള്ള ആര്‍ത്തവാരംഭവും ( 12 വയസ്സിനു മുമ്പ് ) വൈകിയുള്ള ആര്‍ത്തവവിരാമവും ( 55 വയസ്സിനു ശേഷം ) സ്തനാര്‍ബുദത്തിനുള്ള അനുകൂലഘടകങ്ങളാണ്.
* ഭക്ഷണവും ജീവിതക്രമവും
കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം, അമിതവണ്ണം, മാംസാഹാരം, മദ്യപാനം തുടങ്ങിയവ സ്തനാര്‍ബുദത്തിന് വഴിവയ്ക്കുന്നു. വിവിധ വംശവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സ്തനാര്‍ബുദം ഏറിയും കുറഞ്ഞും കാണുന്നത് അവരുടെ ജീവിതരീതിയുമായും ഭക്ഷണക്രമവുമായും ബന്ധപ്പെട്ടാണെന്ന് കരുതുന്നു.
* ഹോര്‍മോണുകളുടെ പങ്ക്
ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണ്‍ സങ്കരങ്ങള്‍ സ്തനാര്‍ബുദസാധ്യത ചെറിയ തോതില്‍ കൂട്ടുന്നുവെങ്കിലും അവയുടെ ഉപയോഗം നിറുത്തിയാല്‍ രോഗസാധ്യത സാധാരണനിലയിലേക്ക് വരുന്നതാണ്. ഹോര്‍മോണ്‍ ചികിത്സ രോഗസാധ്യത കൂട്ടുമെന്നും കരുതുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
* ജനിതകഘടനയും കുടുംബപശ്ചാത്തലവും
സ്തനാര്‍ബുദത്തില്‍ ജനിതകഘടനയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മ, സഹോദരി തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്ക്സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സാധ്യത കൂടുതലാണ്.
നേരത്തെ കണ്ടെത്താം
സ്തനാര്‍ബുദം ഒരു പരിധിവരെ തടയാനും പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാനും പറ്റുന്ന രോഗമാണ്. പ്രാരംഭംഘട്ടത്തില്‍ തന്നെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം.
സ്തനാര്‍ബുദം കണ്ടെത്തുന്നതിനായി എക്സ്-റേ, മാമ്മോഗ്രാം, അള്‍ട്രാസൗണ്ട് സ്കാന്‍ തുടങ്ങി വിവിധ പരിശോധനാരീതികള്‍ നിലവിലുണ്ടെങ്കിലും ഏറ്റവും എളുപ്പവും ചിലവ് കുറഞ്ഞതുമായ മാര്‍ഗ്ഗം സ്തനപരിശോധനയാണ്.
രോഗലക്ഷണങ്ങള്‍
* സ്തനങ്ങളുടെ വലുപ്പം, ആകൃതി, ഘടന എന്നിവയിലെ വ്യതിയാനങ്ങള്‍.
* സ്തനത്തിലോ കക്ഷത്തിലോ കാണുന്ന തടിപ്പ് അല്ലെങ്കില്‍ മുഴ.
* തൊലിപ്പുറത്തുള്ള ചുവപ്പ്, തടിപ്പ്, വീക്കം, വ്രണങ്ങള്‍.
* മുലക്കണ്ണില്‍ നിന്നും രക്തമോ സ്രവമോ വരിക അല്ലെങ്കില്‍ മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞിരിക്കുക.
* സ്തനങ്ങളിലെ മറുക് വലുതാവുക അല്ലെങ്കില്‍ ചൊറിച്ചിലോ രക്തസ്രാവമോ കാണപ്പെടുക.
സ്തനത്തിലോ കക്ഷത്തിലോ വേദനയോ അസ്വസ്ഥതയോ ഉണ്ടാവുക
സ്വയം പരിശോധിക്കാം
നല്ലൊരു ശതമാനം സ്തനാര്‍ബുദങ്ങളും സ്ത്രീകള്‍ സ്വയം കണ്ടെത്തുന്നു. സ്വന്തമായ സ്തനപരിശോധന സൗകര്യം അനുസരിച്ച് ചെയ്യാവുന്ന ലളിതമായ പരിശോധനയാണ്. സ്തനങ്ങളുടെ സ്വാഭാവിക ഘടന പരിചയമാകുന്തോറും അവയിലെ വ്യതിയാനങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ പറ്റും. സ്വയം പരിശോധന മാസത്തിലൊരിക്കല്‍ ചെയ്യേണ്ടതാണ്. ആര്‍ത്തവചക്രത്തിലെ 7 മുതല്‍ 10 വരെയുള്ള ദിവസങ്ങളാണ് പരിശോധനയ്ക്ക് ഉത്തമം. ഗര്‍ഭിണികളും ആര്‍ത്തവവിരാമമായവരും എല്ലാ മാസവും ഒരേ ദിവസം പരിശോധന നടത്തുന്നതായിരിക്കും ഉചിതം. മുലയൂട്ടുന്ന അവസരത്തിലും പരിശോധന തുടരണം. മുലയൂട്ടുന്ന സ്ത്രീകള്‍ കുഞ്ഞിനെ മുലയൂട്ടിയതിനു ശേഷമാണ്പരിശോധിക്കേണ്ടത്.
സ്തനപരിശോധനയ്ക്ക് സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കാം. കുളിക്കുന്ന സമയം ഇതിന് അനുയോജ്യമാണ്. കണ്ണാടിയില്‍ സ്തനനിരീക്ഷണവും സ്തനസ്പര്‍ശനവും പരിശോധനയില്‍ ഉള്‍പ്പെടുന്നു.
* സ്തനനിരീക്ഷണം
കണ്ണാടിയുടെ മുന്നില്‍ നിന്നു കൊണ്ട്സ്തനനിരീക്ഷണം നടത്തണം. കൈകള്‍ രണ്ടും അരികില്‍ ചേര്‍ത്തുവച്ചും കൈകള്‍ രണ്ടും മേല്‍പ്പോട്ട് പൊക്കിപ്പിടിച്ചും ചരിഞ്ഞു നിന്നും കൈകള്‍ അരക്കെട്ടില്‍ അമര്‍ത്തിവച്ചും സ്തനങ്ങള്‍ നിരീക്ഷിക്കണം.
* എന്തൊക്കെ നിരീക്ഷിക്കണം? ആകൃതിയിലുള്ള വ്യത്യാസം, മുഴകള്‍, തൊലിപ്പുറത്ത് കാണുന്ന വ്യത്യാസങ്ങള്‍, ചുവപ്പ് നിറം, ഉള്ളിലേക്ക് വലിഞ്ഞുള്ള മുലഞെട്ടുകള്‍, മുലഞെട്ടില്‍ നിന്നും ദ്രാവകം/രക്തം എന്നിവ കാണപ്പെടുക.
* സ്തനസ്പര്‍ശനം
കൈയിലെ നടുവിലെ മൂന്നു വിരലുകളുടെ ഉള്‍ഭാഗം കൊണ്ടാണ് സ്തനങ്ങള്‍ പരിശോധിക്കേണ്ടത്. നിന്നും കിടന്നും പരിശോധിക്കണം. തോളിനു പുറകില്‍ തലയിണ വയ്ക്കുന്നതും കൈകളില്‍ ക്രീം/ എണ്ണ പുരട്ടുന്നതും പരിശോധന എളുപ്പമാക്കും. ഓരോ ഭാഗവും മൂന്നു വ്യത്യസ്ത മര്‍ദ്ദത്തിലാണ് പരിശോധിക്കേണ്ടത്. ആദ്യം മൃദുവായും പിന്നീട് കുറച്ചു കൂടി ശക്തി ഉപയോഗിച്ചും പിന്നെ അതിലും ശക്തിയില്‍ അമര്‍ത്തിയും വേണം പരിശോധിക്കുവാന്‍. കക്ഷം മുതല്‍ ആരംഭിച്ച് സ്തനം മുഴുവന്‍ പരിശോധിക്കണം. ചിത്രത്തില്‍ കാണുന്നവിധം മൂന്നു തരത്തില്‍ പരിശോധിക്കാം.
സ്തനപരിശോധനയില്‍ അസ്വാഭാവികമായി എന്ത് കണ്ടാലും ഉടനെ ഒരു ഡോക്ടറെ സമീപിക്കുക.
നേരത്തെ നിര്‍ണ്ണയിച്ചാല്‍ രോഗം 90 ശതമാനം പേരിലും മാറിക്കിട്ടും. ഓര്‍ക്കുക, സ്തനാര്‍ബുദത്തെ തോല്‍പിക്കാം… നമ്മള്‍ മനസ്സുവച്ചാല്‍…
സ്തനാര്‍ബുദ പ്രതിരോധിക്കാം
20 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍
* മാസംതോറുമുള്ള സ്തനപരിശോധന.
* മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ കൊണ്ട് പരിശോധിക്കുക.
40 വയസ്സിനു മുകളില്‍
* മാസംതോറുമുള്ള സ്തനപരിശോധന.
* വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുക.
* വര്‍ഷത്തിലൊരിക്കല്‍ മാമ്മോഗ്രാം പരിശോധന നടത്തുക.