നെഞ്ചെരിച്ചല്‍ നിസാരമാകരുത് !

മാറിയ ജീവിത രീതികള്‍ കാരണം ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ അസിഡിറ്റിയും നെഞ്ചെരിച്ചിലും കൂടിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ട് നെഞ്ചെരിച്ചില്‍ വരാം. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് അങ്ങനെ പലതും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഇത് കുറയ്ക്കാന്‍ വേണ്ടി വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകളും ജീവിത ശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളും .

ഒട്ടു മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് നെഞ്ചെരിച്ചല്‍. വയറിന്റെ മുകള്‍ഭാഗത്ത് നെഞ്ചിനോടു ചേര്‍ന്നാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. ചില ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തന്നെ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ദഹന സംബന്ധമായ പ്രശ്നങ്ങളാണ് ഇതിന്റെ മുഖ്യ കാരണം. ദഹനത്തെ സഹായിക്കുന്ന ദഹന രസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിച്ച് കുറച്ച് കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമാണ് ആദ്യം അനുഭവപ്പെടുന്ന ലക്ഷണം. കൂടാതെ വായിലും തൊണ്ടയിലും പുളിരസം അനുഭവപ്പെടുന്നു. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, പുളിച്ച് തികട്ടല്‍ എന്നിവയെല്ലാം നെഞ്ചെരിച്ചിലിന്റെ പ്രധാന ലക്ഷണങ്ങളാണ്.

എന്നാല്‍ ഭക്ഷണം മാത്രമല്ല ഇതിനു കാരണമാകുന്നത്. പ്രമേഹം, ആസ്ത്മ തുടങ്ങിയ അസുഖങ്ങളും നെഞ്ചെരിച്ചിലിനു കാരണമാകുന്നു. എന്നാല്‍ നെഞ്ചെരിച്ചിലിനു കാരണമാകുന്ന ഭക്ഷണങ്ങളെ തിരിച്ചറിയണം. വയറ്റിലെ അള്‍സറും നെഞ്ചെരിച്ചില്‍ കാരണമാകുന്നു. നെഞ്ചരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാഗല്‍ സ്ഫിങ്റ്റര്‍ എന്ന വാല്‍വിന്റെ താളംതെറ്റിയ പ്രവര്‍ത്തനങ്ങളാണ് നെഞ്ചെരിച്ചിലിനിടയാക്കുന്ന പ്രധാന കാരണം.

സമയമം തെറ്റിയും ആവശ്യത്തില്‍ കൂടുതലുമായി കഴിക്കുന്ന ഭക്ഷണങ്ങളും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. പുളി, ഉപ്പ്, എരിവ്, മസാല എന്നിവയുടെ അമിത ഉപയോഗവും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. അമ്ലരസമടങ്ങിയ ഭക്ഷണങ്ങള്‍ ആമാശയത്തില്‍ നിന്ന് തുടര്‍ച്ചയായി എത്തുന്നത് അന്നനാളത്തില്‍ നീര്‍വീക്കമുണ്ടാക്കുന്നു അതു കാരണം അന്നനാളം ചുരുങ്ങിപ്പോവുക, വ്രണങ്ങൾ രൂപപ്പെടുക, പുണ്ണുണ്ടാവുക, രക്തസ്രാവം, ഭക്ഷണം ഇറക്കാന്‍ കഴിയാതെ വരുക എന്നീ ബുദ്ധിമുട്ടുകള്‍ നെഞ്ചെരിച്ചില്‍ കാരണം ഉണ്ടാകുന്നു. പല തരത്തിലുമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന നെഞ്ചെരിച്ചല്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

ആയുർ വേദ പ്രകാരമുള്ള ചില ഭക്ഷണ ക്രമങ്ങൾ നെഞ്ചെരിച്ചിൽ കുറക്കാൻ കഴിയും .ഒരു കുടന്ന പേരയില അരഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഇല അരിച്ചു മാറ്റി ആ വെള്ളം കുടിക്കാം.

ഊണിന് ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചവച്ചരച്ചു തിന്നുക. ഇഞ്ചിനീര് കുടിക്കുന്നതും ഗുണം ചെയ്യും. ജിഞ്ചര്‍ടീ കുടിക്കുന്നതും ദഹനം നന്നാകാന്‍ സഹായിക്കും.

ഒരു ഗ്ലാസ് വെള്ളത്തില്‍ നൂറു ഗ്രാം കറുവാപട്ടയിട്ട് തിളപ്പിച്ച് കുടിക്കുന്നത് ആശ്വാസം തരും.

100 ഗ്രാം വെളുത്തുള്ളി ചുട്ട് തൊലി കളഞ്ഞ് ചവച്ചു തിന്നുക.

ഒരു നുള്ള് കായം ചൂടുവെള്ളത്തില്‍ കലക്കി ദിവസം 2-3 തവണ കുടിക്കുക.

ജാതിക്കയുടെ ഒരു തൊണ്ട് അരച്ചത് 200 മില്ലി തേനില്‍ ചേര്‍ത്ത് കഴിക്കുക. നെഞ്ചെരിച്ചില്‍ മാറും.

പതിവു രീതിയില്‍ നിന്നു മാറി കൂടുതല്‍ തവണകളായി ആഹാരം കഴിക്കുക. ഉദാഹരണത്തിന് ദിവസം മൂന്നു നേരം ആഹാരം കഴിക്കുന്നതിനു പകരം അളവു കുറച്ച് അത് അഞ്ചു തവണകളാക്കുക.

നന്നായി ചവച്ചരച്ച്, ആസ്വദിച്ച് ഭക്ഷണം കഴിക്കുക. രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ആഹാരം കഴിക്കുകയാണ് നല്ലത്.

ഫ്രിഡ്ജില്‍ വച്ച ആഹാരം സോഡ, ചായ, കാപ്പി, പുളിപ്പുള്ള പഴങ്ങളുടെ ജ്യൂസ്, എരിവ്, പുളി, മസാല എന്നിവ കൂടുതല്‍ അടങ്ങിയതും കൊഴുപ്പ് കൂടുതലടങ്ങിയ ആഹാരം തുടങ്ങിയവയും ഒഴിവാക്കുക.

 

Top