കണ്ണൂര്‍: ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരും അപകടങ്ങള്‍ക്കു കാരണക്കാരുമായവരുടെ ഒന്നരലക്ഷത്തിലേറെ പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിക്ക് തുടക്കമായി. അഞ്ചില്‍ കൂടുതല്‍ തവണ ഗതാഗതനിയമം ലംഘിച്ച 14,796 പേരുടെ ലൈസന്‍സാണ് ആദ്യഘട്ടത്തില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്.
അമിതവേഗത, മദ്യപിച്ചു വാഹനം ഓടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കല്‍, സിഗ്‌നല്‍ ലംഘിച്ച് വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തിട്ടും പിഴ അടയ്ക്കാത്തവര്‍ക്ക് ലൈസന്‍സ് നഷ്ടമാകും. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നടപടിയുണ്ടാവുക എറണാകുളത്താണ്, 1376 പേര്‍. കണ്ണൂരില്‍ 1053 പേര്‍ക്ക് ലൈസന്‍സ് നഷ്ടമാകും. തലശേരിയില്‍ 915 കോഴിക്കോട് 849, തളിപ്പറമ്പ് 848, പെരുമ്പാവൂര്‍ 723, തിരുവനന്തപുരം 313 എന്നിങ്ങനെ പോകുന്നു മറ്റിടങ്ങളിലെ കണക്ക്.
ഗതാഗതനിയമം ലംഘിച്ചതില്‍ തലശേരി സ്വദേശി മുനീര്‍ ആണ് മുന്നില്‍. ഒരുവര്‍ഷത്തിനിടെ മുനിര്‍ നിയമം ലംഘിച്ചത് 168 തവണ. മുനീറിന്റ ഉടമസ്ഥതയിലുള്ള KL–58–F–534 എന്ന കാര്‍ ആണ് ഒന്നര വര്‍ഷത്തിനിടയ്ക്ക് ഏറ്റവും കൂടുതല്‍ തവണ ഗതാഗതനിയമം തെറ്റിച്ചത്. 156 തവണ നിയമം ലംഘിച്ച തലശേരിയിലെ തന്നെ KL-58-P-7696 സ്വകാര്യബസിലെ ഡ്രൈവറുടെ ലൈസന്‍സിന് പുറമെ ബസിന്റ പെര്‍മിറ്റും സസ്‌പെന്‍ഡ് ചെയ്യും. കേരള ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക റജിസ്‌ട്രേഷനിലുള്ള 18 സ്വകാര്യ ടൂറിസ്റ്റ് ബസുകളും പട്ടികയിലുണ്ട്. ഇതില്‍ എട്ടുബസുകള്‍ നൂറിലധികം തവണ നിയമം ലംഘിച്ചവയാണ്.
ഒക്ടോബറിന് ശേഷം നിയമം ലംഘിച്ച ഒന്നരലക്ഷത്തിലധികം പേരുടെ ലൈസന്‍സാണ് ഘട്ടം ഘട്ടമായി സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇതില്‍ 1,21,669 പേര്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചവരാണ്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ച 22,549 പേരും ,മദ്യപിച്ച് വാഹനമോടിച്ച 3,701 പേരും ഇക്കൂട്ടത്തിലുണ്ട്.
മൂന്നുമാസത്തേക്കായിരിക്കും സസ്‌പെന്‍ഷന്‍. ശേഷം നല്‍കുന്ന പുതിയ ലൈസന്‍സില്‍ ഒരിക്കല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതാണന്ന് രേഖപ്പെടുത്തിയിരിക്കും. സസ്‌പെന്‍ഷന്‍ കാലയളവില്‍ വാഹനം ഓടിയ്ക്കാന്‍ പാടില്ല. അഥവാ ഓടിച്ച് അപകടമു!ണ്ടായാല്‍ വാഹനത്തിന്റ പെര്‍മിറ്റടക്കം റദ്ദാക്കും. ഒരിക്കല്‍ ശിക്ഷിപ്പട്ടാല്‍ പിന്നെ ഒരിക്കലും നിയമലംഘനം നടത്താത്ത രീതിയിലുള്ള നടപടികളാണ് മോട്ടോര്‍ വാഹനവകുപ്പ് ആവിഷ്‌കരിക്കുന്നത്.ഇതുവഴി സംസ്ഥാനത്ത് വാഹനഅപകടം ഗണ്യമായി കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍.