പത്തനംതിട്ട: ശബരിമലയിൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കാൻ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ അയ്യപ്പധർമ്മസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴ്‌മൺ തന്ത്രി കുടുംബം. രാഹുൽ ഈശ്വറിന്റേതായിട്ട് വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പടർന്നിട്ടുണ്ടെന്നും വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ കുടുംബവുമായോ യാതൊരു ബന്ധവുമില്ലെന്നും തന്ത്രികുടുംബം പറഞ്ഞു. രാഹുൽ ഈശ്വറിന് പിന്തുടർച്ചാവകാശമില്ലെന്നും തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കി.
”സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായി ഒന്നും സംഭവിക്കാൻ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്ത് സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയും വേണം”- വാർത്താക്കുറിപ്പിൽ തന്ത്രികുടുംബം വ്യക്തമാക്കി. വിശ്വാസത്തിന്‍റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്‍റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടർച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു.
പത്തനംതിട്ടയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്ന് വാർത്താക്കുറിപ്പ് പറയുന്നു. ‘തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങൾ വിചാരിക്കുന്നു. സർക്കാരുമായോ ദേവസ്വംബോർഡുമായോ യാതൊരു വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാൻ പാടില്ല.’ അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിയ്ക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും വാർത്താക്കുറിപ്പ് പറയുന്നു.
അതേസമയം വിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനിലെത്തുക, എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് രാഹുല്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ലാറ്റിലെത്തി രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.