നാടകീയമായ കവര്‍ച്ചാ ശ്രമം: കമിതാക്കള്‍ അറസ്റ്റില്‍; മോഷ്ടിച്ച ബൈക്കിൽ കറക്കം അവസാനം പിടിവീണു

ചാവക്കാട്: കടയുടമയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ചയ്ക്ക് ശ്രമിച്ച കമിതാക്കളെ കടയുടമയും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സൗരവ് (18), ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടി (18) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ പഞ്ചാരമുക്ക് സെന്ററിലെ ചക്കംകണ്ടം അറയ്ക്കല്‍ കുറുപ്പത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ള ഫസ സാനിറ്ററി ഹാര്‍ഡ്വേര്‍ സ്ഥാപനത്തിലാണ് നാടകീയമായ കവര്‍ച്ചശ്രമം അരങ്ങേറിയത്.

മോഷ്ടിച്ച ബൈക്കില്‍ കാമുകിക്കൊപ്പം അടിച്ചു പൊളിക്കുകയായിരുന്നു സൗരവ്. പണം തീര്‍ന്നപ്പോള്‍ മുമ്പിലുണ്ടായത് മോഷണം മാത്രം. അതിനിടെ പിടിയിലുമായി. നാടകീയമായ കവര്‍ച്ചശ്രമമാണ് സൗരവും കാമുകിയും നടത്തിയത്. പക്ഷേ ചീറ്റിപോയി. ഇതോടെ കാമുകീകാമുകന്മാര്‍ മോഷണക്കേസില്‍ അകത്താവുകയും ചെയ്തു. അന്വേഷണത്തില്‍ ഇവര്‍ മുമ്പും ഒളിച്ചോടിയ കമിതാക്കളാണെന്ന് മനസ്സിലായി. അന്ന് പ്രായപൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ട് തന്നെ കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു. പക്ഷേ പതിനെട്ട് തികഞ്ഞതും വീണ്ടും ഒളിച്ചോടി. ഇതാണ് ചാവക്കാട് അവസാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 10.45-ന് സൗരവും ശ്രീക്കുട്ടിയും എത്തുമ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കടയിലുണ്ടായിരുന്നു. അവര്‍ പോകുന്നതുവരെ ഇരുവരും വിലയും മറ്റും ചോദിച്ച് ചുറ്റിപ്പറ്റിനിന്നു. മറ്റുള്ളവര്‍ പോയതോടെ സൗരവ് എക്സ്റ്റന്‍ഷന്‍ കോഡ് ആവശ്യപ്പെട്ടു. 500 രൂപയുടേത് മതിയെന്ന് പറഞ്ഞ ഇയാള്‍, തന്റെ പക്കല്‍ 2000 രൂപയുടെ നോട്ടാണ് ഉള്ളതെന്നും ചില്ലറ വേണമെന്നും ആവശ്യപ്പെട്ടു. ആദ്യം നോട്ട് കാണിക്കൂ, അതിനുശേഷം ചില്ലറ തരാമെന്ന് ഹംസ പറഞ്ഞു. നോട്ടെടുത്ത് വരാം എന്നു പറഞ്ഞ് കടയ്ക്കു പുറത്തു നിര്‍ത്തിയിരുന്ന ബൈക്കിനടുത്തേക്ക് ഇരുവരും പോയി. ഇതിനിടെയാണ് തന്ത്രപരമായ മോഷണ ഇടപെടല്‍ നടന്നത്.

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തി തിരിച്ചുവന്ന സൗരവ് കൈവശമുണ്ടായിരുന്ന മുളകുപൊടി ഹംസയുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. ഈ തക്കത്തിന് ഹംസയുടെ പോക്കറ്റില്‍നിന്നും കാഷ് കൗണ്ടറില്‍നിന്നും പണമെടുക്കാന്‍ ഇരുവരും ശ്രമം നടത്തി. എന്നാല്‍, ഹംസ ഒച്ചവെയ്ക്കുകയും സൗരവിന്റെ കഴുത്തില്‍ മുറുകെ പിടിക്കുകയും ചെയ്തപ്പോള്‍ രക്ഷപ്പെടാനായി ശ്രമം. കുതറിയോടാന്‍ ശ്രമിക്കുന്നതിനിടെ സൗരവിന്റെ ദേഹത്തിടിച്ച് നിലത്തുവീണ ശ്രീക്കുട്ടിയുടെ മുടിക്കെട്ടില്‍ ഹംസ പിടിച്ചു. പിടിവലിക്കിടെ ഇരുവരുമായി ഹംസ കടയ്ക്ക് പുറത്തേക്കു വന്നു. ഹംസയുടെ ഒച്ചയും ബഹളവും കേട്ട് റോഡിലൂടെ വാഹനത്തില്‍ പോയവരും നാട്ടുകാരും കടയിലെത്തിയതോടെ കമിതാക്കള്‍ പിടിക്കപ്പെട്ടു.

സൗരവും ശ്രീക്കുട്ടിയും മൂന്നുമാസംമുമ്പ് വീട്ടില്‍നിന്ന് ഒളിച്ചോടിയിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി ഇവരെ വീട്ടുകാരോടൊപ്പം അയച്ചു. എന്നാല്‍, ഒരുമാസംമുമ്പ് ഇവര്‍ വീണ്ടും ഒളിച്ചോടി. ഏതാനും ആഴ്ചകളായി ഗുരുവായൂരിലെ ലോഡ്ജില്‍ ഒന്നിച്ചാണ് താമസം. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് ഇവര്‍ മോഷണത്തിന് ഇറങ്ങിയത്. ഇവര്‍ സഞ്ചരിച്ചത് മോഷ്ടിച്ച ബൈക്കിലാണെന്നും വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലേക്കും ശ്രീക്കുട്ടിയെ തൃശ്ശൂര്‍ വനിതാ ജയിലിലേക്കും മാറ്റി.
ഒരാഴ്ച മുമ്പ് മതിലകത്തുനിന്ന് തട്ടിയെടുത്ത ബൈക്കിലാണ് ഇരുവരും തട്ടിപ്പിനെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്തപ്പോള്‍ ബൈക്ക് തട്ടിയെടുത്തതാണെന്ന് ഇവര്‍ സമ്മതിച്ചു. യൂസ്ഡ് ബൈക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെ ബൈക്കുകടയിലെത്തിയ സൗരവ് ബൈക്ക് ഓടിച്ചുനോക്കി. അല്‍പ്പദൂരം ബൈക്ക് ഓടിച്ച സൗരവ് ഉടനെ ബൈക്കുമായി കടയില്‍ തിരിച്ചെത്തി കടക്കാരന്റെ വിശ്വാസം നേടി. എന്നാല്‍, ഒരുതവണകൂടി ബൈക്ക് ഓടിച്ചുനോക്കണമെന്നു പറഞ്ഞ സൗരവ് ബൈക്കുമായി കടന്നുകളയുകയായിരുന്നു. പിന്നീട്, എറണാകുളത്തെത്തി ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റി.

വണ്ടി പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധം മാറ്റംവരുത്തുകയും ചെയ്തു. പൊലീസ് പിടിയിലായപ്പോള്‍ തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. മാസങ്ങള്‍ക്കുമുമ്പ് ഒളിച്ചോടിയപ്പോള്‍ തങ്ങള്‍ വിവാഹിതരായെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇതിന് രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

Top