അച്ഛന്റെ അലമാരയില്‍ നിന്നു 38 ലക്ഷം മോഷ്ടിച്ച് മകളുടെ ഷോപ്പിങ്: ഒടുവില്‍ പൊലീസ് പിടിയില്‍

ദില്ലി: അച്ഛന്റെ അലമാരയില്‍ നിന്നും 38 ലക്ഷം രൂപ മോഷ്ടിച്ച് 14കാരിയായ മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയി. ദില്ലിയിലാണ് സംഭവം. ബില്‍ഡറാ അച്ഛന് ഒരു വസ്തു ഇടപാടില്‍ കിട്ടിയ 38 ലക്ഷം രൂപയും മോഷ്ടിച്ചാണ് മകള്‍ പോയത്. പൊലീസ് പിടികൂടുമ്പോള്‍ ഒരു ലക്ഷം രൂപയ്ക്കാണ് പെണ്‍കുട്ടി ഷോപ്പിംഗ് മാത്രം നടത്തിയത്. എന്തായാലും ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത് ഇങ്ങനെ. മാതാപിതാക്കള്‍ അത്താഴ വിരുന്നിന് പോയ സമയത്താണ് പെണ്‍കുട്ടി പണം മോഷ്ടിച്ചത്. മോഷ്ടിച്ച പണം വളരെ വേഗം തന്നെ സുഹൃത്തുക്കളില്‍ ഒരാളെ ഏല്‍പ്പിച്ചു. പണം മറ്റാരോ മോഷ്ടിച്ചിരിയ്ക്കാം എന്ന് പൊലീസും വീട്ടുകാരും വി്ശ്വസിച്ചു. പക്ഷേ പണം നഷ്ടമായതിന്റെ പിറ്റേ ദിവസം പെണ്‍കുട്ടിയേയും മൂന്ന് സുഹൃത്തുക്കളേയും കാണാതായി. അച്ഛന്റെ കൈയ്യില്‍ നിന്നും മോഷ്ടിച്ച പണവുമായി പെണ്‍കുട്ടി നേരേ പോയത് ഡെറാഡൂണിലേയ്ക്കാണ്. 11000 രൂപ ടാക്‌സിയ്ക്ക് മാത്രം നല്‍കിയാണ് യാത്ര ചെയ്തത്. പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലില്‍ ടാക്‌സി ഡ്രൈവറെ കണ്ടെത്തി. ഒരു ആഡംബര ഹോട്ടലിലാണ് അവര്‍ മുറിയെടുത്തത്. പൊലീസ്, ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ ജീവനക്കാരോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. ഷോപ്പിംഗിന് പോയി തിരികെയെത്തിയ പെണ്‍കുട്ടികളെ യാതൊരു സംശയവും തോന്നാത്ത വിധം മുറിയ്ക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു ഹോട്ടല്‍ ജാവനക്കാര്‍. പുലര്‍ച്ചെ പൊലീസെത്തി വാതില്‍ തുറക്കുമ്പോഴാണ് പിടിയിലായ വിവരം കുട്ടികള്‍ അറിയുന്നത്. ചെരിപ്പും ബാഗും ഡ്രസുമൊക്കെ വാങ്ങാന്‍ ഇവര്‍ ചെലവഴിച്ചത് 80,000 രൂപയാണ്. ഹോട്ടല്‍ ബില്ലും പതിനായിരം രൂപയിലേറെയായി. എന്തായാലും 37 ലക്ഷം രൂപയും പെണ്‍കുട്ടികളും പൊലീസ് പിടിയിലായി.

Top