സ്വന്തം ലേഖകൻ
മലപ്പുറം : തിരൂരങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത മകനെ അയൽവാസിയുടെ വാഹനത്തിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ വിട്ട മാതാവിനെതിരെ പൊലീസ് കേസെടുത്തു.ചെമ്മാട് കരിപറമ്പ് സ്വദേശിയായ 16 കാരന്റെ മാതാവിനെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസ് എടുത്തിരിക്കുന്നത്.
തിരൂരങ്ങാടി എസ് ഐ പി.എം.രതീഷിന്റെ നേതൃത്വത്തിൽ ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം ക്ഷേത്രത്തിന് സമീപത്താണ് സംഭവം. പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയിൽ അതിവേഗതയിൽ വന്ന സ്‌കൂട്ടർ തടയുകയായിരുന്നു.
സ്‌കൂട്ടർ ഓടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തത് സംബന്ധിച്ചു അന്വേഷിച്ചപ്പോഴാണ് 16 വയസുള്ള കുട്ടിയാണെന്നും വീട്ടുസാധനങ്ങൾ വാങ്ങാൻ മാതാവ് പറഞ്ഞു വിട്ടതാണെന്നും വാഹനം അയൽവാസിയുടേതുമാണെന്നും കുട്ടി അറിയിച്ചത്.
തുടർന്ന് കുട്ടിയുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ നിസ്സംഗഭാവത്തിലായിരുന്നു മാതാവിന്റെ പ്രതികരണം. ദൂരെയൊന്നും അല്ലല്ലോ പോയതെന്നും അവൻ മുൻപും പോയിട്ടുണ്ടെന്നും കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നുമായിരുന്നു മാതാവ് പൊലീസിനോട് പറഞ്ഞത്.
കുട്ടിയുടെ അച്ഛൻ വിദേശത്തായതിനാൽ മാതാവിനെതിരേ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു.മാതാവിനെതിരെ 3വർഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.