തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന റോബിന്‍ഹുഡ് മോഡല്‍ എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ രാജ്യാന്തര സംഘമെന്ന് സൂചന. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. മോഷണസംഘം എടിഎം കൗണ്ടറില്‍ കയറുന്നത് ഉപകരണം സ്ഥാപിക്കുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ഉപകരണണങ്ങള്‍ സ്ഥാപിച്ച ശേഷം കാര്‍ഡ് വഴി വിവരങ്ങള്‍ ചോര്‍ത്തി റോബിന്‍ഹുഡ് ശൈലിയില്‍ പണം മോഷ്ടിക്കുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം വ്യക്തമായി. കേസിലെ പ്രതികളെന്ന് സംശയിക്കുന്നവര്‍ കസഖ്സ്ഥാന്‍, റഷ്യന്‍ സ്വദേശികളാണെന്നാണ് പ്രഥമിക അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സൂചന. കവര്‍ച്ച നടത്താന്‍ വേണ്ടി വെള്ളയമ്പലത്തെ എസ്ബിറ്റി എടിഎം കൗണ്ടറില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വിദേശികളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ പണം നഷ്ടമായെന്ന് പരാതിപെട്ടിരിക്കുന്നത് ചെറിയൊരു വിഭാഗമാണെങ്കില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ക്ക് പണം നഷ്ടമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ട് തന്നെ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ രൂപീകരിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. ഈ സംഘത്തില്‍ സൈബര്‍ രംഗത്തെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി മുംബൈയിലേക്ക് സംഘം തിരിക്കാന്‍ ഒരുങ്ങുന്നുണ്ട്. അതേസമയം എടിഎം തട്ടിപ്പിന്റെ വ്യാപ്തി വളരെവലുതാണെന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ട് തന്നെ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്.
എടിഎം കൗണ്ടറില്‍ ക്യാമറയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചശേഷം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയ മോഷമാണ് നടന്നത്. തിരുവനന്തപുരത്ത് ഇരുപതോളംപേര്‍ക്കായി മൂന്നരലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്തെ എ.ടി.എമ്മുകളില്‍ ഉപകരണം ഘടിപ്പിച്ചശേഷം മുംബൈയിലെ വര്‍ളിയില്‍നിന്ന് തുക പിന്‍വലിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യതട്ടിപ്പാണിത്. മ്യൂസിയം പൊലീസില്‍ 16പേരും പേരൂര്‍ക്കടയില്‍ ഒരാളും വട്ടിയൂര്‍ക്കാവില്‍ രണ്ടുപേരും പണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതിനല്‍കി.
ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍, എ.ടി.എം. കൗണ്ടറിനുള്ളില്‍ തട്ടിപ്പുകാര്‍ സ്ഥാപിച്ചുവെന്ന് കരുതുന്ന ക്യാമറ, മെമ്മറി കാര്‍ഡ്, ചിപ്പ്, മൊബൈല്‍ ഫോണ്‍ ബാറ്ററി എന്നിവ കണ്ടെടുത്തു. സ്മോക്ക് അലാമിനോടു സാമ്യമുള്ള ഉപകരണത്തിനുള്ളില്‍ ഘടിപ്പിച്ച ഇവ ആല്‍ത്തറയിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറില്‍നിന്നാണു കണ്ടെത്തിയത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്ന്, രണ്ട് തിയ്യതികളിലാണ് പണം നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച രാവിലെമുതലാണ് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഉപഭോക്താക്കള്‍ എത്തിത്തുടങ്ങിയത്. പലരുടെയും മൊബൈല്‍ഫോണുകളില്‍ ഞായറാഴ്ച പണം പിന്‍വലിച്ചുകൊണ്ടുള്ള എസ്.എം.എസ്. സന്ദേശം ലഭിച്ചിരുന്നു. പരാതികള്‍ വര്‍ധിച്ചതോടെ കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിയം പൊലീസും സൈബര്‍ പൊലീസും ആല്‍ത്തറയിലെ എ.ടി.എം. കൗണ്ടര്‍ പരിശോധിച്ചു. കണ്ടെത്തിയ ഉപകരണം കൂടുതല്‍ പരിശോധനകള്‍ക്കായി പൊലീസ് കൊണ്ടുപോയി.
എ.ടി.എം. കാര്‍ഡിലെ മാഗ്നറ്റിക് സ്ട്രിപ്പില്‍ സംഭരിച്ചിരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനായി നേരത്തേ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. വിവരങ്ങള്‍ ശേഖരിക്കാനായി അത് സ്ഥാപിച്ചവര്‍തന്നെ തിരികെയെടുത്തിരിക്കാമെന്നും കരുതുന്നു. എസ്.ബി.ഐ.യുടെ ആല്‍ത്തറയിലെ എ.ടി.എം. കൗണ്ടറില്‍ രണ്ടു മെഷീനുകളാണുള്ളത്. എന്നാല്‍ അതില്‍ ഒന്നിനെമാത്രം കേന്ദ്രീകരിച്ചാണ് ക്യാമറയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നത്. എ.ടി.എമ്മില്‍ ബാങ്കുതന്നെ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയില്‍നിന്ന് ഇത് ലഭിച്ചാലുടന്‍ സിഡാക്കിലോ ഫൊറന്‍സിക് ലാബിലോ ഇവ പരിശോധിക്കും. പൊലീസ് കണ്ടെടുത്ത ഉപകരണങ്ങളും ഇത്തരത്തില്‍ പരിശോധനകള്‍ക്കു വിധേയമാക്കും. ഇതില്‍നിന്ന് തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ജൂലായ് 31നുശേഷം എ.ടി.എം. കാര്‍ഡുവഴി നടന്ന പണമിടപാടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോളതലത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയുണ്ടാക്കുന്ന എ.ടി.എം. സ്‌കിമ്മിങ് ആണ് തിരുവനന്തപുരത്തും നടന്നതെന്നാണ് കരുതുന്നത്. എ.ടി.എം. കാര്‍ഡ് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങളും പിന്‍ നമ്പറും മോഷ്ടിച്ച് വ്യാജ കാര്‍ഡുണ്ടാക്കി പണം പിന്‍വലിക്കുന്ന രീതിയാണിത്. മലയാളത്തില്‍ ഏതാനും വര്‍ഷം മുമ്പിറങ്ങിയ ‘റോബിന്‍ഹുഡ്’ എന്ന ചലച്ചിത്രത്തില്‍ കണ്ടത് ഇത്തരം തട്ടിപ്പിന്റെ രൂപമായിരുന്നു.
ഈ ഉപകരണം എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കുകയും പിന്നീടു വ്യാജ കാര്‍ഡ് തയാറാക്കുകയും ചെയ്യും. ഒരാഴ്ച കൊണ്ട് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയശേഷം സ്‌കിമ്മര്‍ നീക്കം ചെയ്തിരിക്കാനാണു സാധ്യത. തട്ടിപ്പുസംഘം പണം പിന്‍വലിച്ചതു മുംബൈയിലെ വിവിധ എടിഎമ്മുകളില്‍ നിന്നാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കേരളത്തില്‍ വന്ന് എടിഎമ്മില്‍ ക്യാമറയും സ്‌കിമ്മറും സ്ഥാപിച്ചു വിവരങ്ങള്‍ ചോര്‍ത്തിയശേഷം മുബൈയില്‍ തിരികെയെത്തി പണം പിന്‍വലിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. അന്വേഷണത്തിനായി പൊലീസ് സംഘം അടുത്ത ദിവസം തന്നെ മുംബൈയിലേക്കു തിരിക്കും. സൈബര്‍ ഡോമും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.