അടിപൊളി വേഷത്തില്‍ വന്ന് മോഷണം; സ്ത്രീയുടെ ബാഗുമായി കടന്നു കളഞ്ഞ മോഷ്ടാക്കളുടെ വീഡിയോ പൊലീസ് പുറത്തുവിട്ടു

തൊടുപുഴ: ഭര്‍ത്താവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാക്കളുടെ വീഡിയോ പൊലീസ് പുറത്തുവിട്ടു. തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് സംഭവം നടന്നത്. ആശുപത്രിയില്‍ വെച്ച് സ്ത്രീയുടെ ബാഗ് കൈക്കലാക്കിയ യുവാക്കള്‍ ലിഫ്റ്റില്‍ കയറി രക്ഷപ്പെടുന്ന സിസി ടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഇവരെ പിടികൂടാന്‍ ജനങ്ങളുടെ സഹായം തേടുകയാണ് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണു മോഷണം നടന്നത്. പാസ്‌പോര്‍ട്ടും ഫോണുമാണ് നഷ്ടപ്പെട്ടത്. 23-ാം തീയതി വിദേശത്തു മകളുടെ അടുത്തേക്കു പോകാനിരിക്കെയാണു ബാഗ് മോഷണം പോയത്. റോസ് നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും നീല ഷര്‍ട്ടും ട്രൗസറുമാണ് മോഷ്ടാക്കളുടെ വേഷമെന്നു പൊലീസ് പറയുന്നു. സ്ത്രീ നല്‍കിയ വിവരങ്ങളനുസരിച്ച് ആശുപത്രിയിലെ ക്യാമറകള്‍ പരിശോധിച്ചാണു മോഷ്ടാക്കളെ കണ്ടെത്തിയത്. മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ 9497980390 നമ്പരില്‍ അറിയിക്കണമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.

Top