നികുതി ഭാരങ്ങള്‍ ഇല്ല !8 ലക്ഷം തൊഴിലവസരങ്ങള്‍!.സാധാരണക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ !വയനാട്ടില്‍ അടുത്ത കൊല്ലം മെഡിക്കല്‍ കോളേജ്. പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബഡ്‌ജറ്റ് ജനപ്രിയം

തിരുവനന്തപുരം: നികുതി ഭാരങ്ങള്‍ യാതൊന്നും ഇല്ലാതെ സാധാരണക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കി പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബഡ്‌ജറ്റ്. സംസ്ഥാന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബഡ‌്‌ജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്ക് വാഗ്ദ്ധാന പെരുമഴയാണ് നിയമസഭയില്‍ നടത്തിയത്. ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തിയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചും കാര്‍ഷികവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചും സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുന്ന ബഡ്‌ജറ്റായിരുന്നു തോമസ് ഐസക്കിന്റേത്. അഞ്ച് വര്‍ഷംകൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചു. വരുന്ന സാമ്ബത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് 2021-22ല്‍ യാഥാര്‍ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ഇതിനായി കിഫ്ബിയില്‍ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിന് വേണ്ടി ഹിമോഗ്ലോബിനോപ്പതി റിസര്‍ച്ച്‌ ആന്‍ഡ് കെയര്‍ സെന്റര്‍ സ്ഥാപിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട്ടില്‍ ബ്രാന്‍ഡ് കാപ്പിപ്പൊടി പത്തു ശതമാനമാണ് കാപ്പിക്കുരുവിന് വിലയായി കാപ്പി കര്‍ഷര്‍കര്‍ക്ക് ലഭിക്കുന്നത്. കാപ്പിപ്പൊടി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിന്റെ ഭാഗമായി മൂന്നോ നാലോ വര്‍ഷം കൊണ്ട് അനുപാതം ഗണ്യമായി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനാകും. കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി വയനാടിനെ സഹായിക്കും.

ഇപ്പോള്‍ ജില്ലയിലെ കാര്‍ബണ്‍ എമിഷന്‍ 15 ലക്ഷം ടണ്ണാണ്. ഇതില്‍ 13 ലക്ഷം ടണ്‍ ആഗിരണം ചെയ്യാന്‍ നിലവിലുള്ള മരങ്ങള്‍ക്ക് കഴിയും. കാര്‍ബണ്‍ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 6500 ഹെക്ടര്‍ ഭൂമിയില്‍ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്കിങ് പദ്ധതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യം വര്‍ധിക്കും എക്കോ ടൂറിസത്തിന് ഇത് സഹായകമാകും.

വാര്‍ഷിക പദ്ധതിയില്‍ നൂറുകോടിയില്‍പ്പരം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി 25 കോടി രൂപ ചെലവഴിക്കും. കിഫ്ബിയില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി 941 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തുരങ്കപാതയുടെ പാരിസ്ഥതിക വിലയിരുത്തല്‍ കഴിഞ്ഞാല്‍ നിര്‍മ്മാണം ആരംഭിക്കും. വയനാട്-ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാല്‍ അതിന്റെ ചെലവിന്റെ ഒരു ഭാഗം കേരളം വഹിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഴശ്ശി ട്രൈബല്‍ കോളേജ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. അങ്ങനെ വയനാടിനെ ചേര്‍ത്തു നിര്‍ത്തുന്നതാണ് ബജറ്റ്.

പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എംപി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മ്മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. വനിതാ സിനിമാ സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്നു കോടി രൂപയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ടു കോടി രൂപയും വകയിരുത്തി. അമച്വര്‍ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപയും പ്രൊഫഷണല്‍ നാടക മേഖലയ്ക്ക് രണ്ടു കോടി രൂപയും വകയിരുത്തിട്ടിയിട്ടുണ്ട്.

ആറന്മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു. മലയാളം മിഷന് നാല് കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പറഞ്ഞു. രാജാരവിവര്‍മ്മയുടെ സ്മരണയ്ക്ക് കിളിമാനൂരില്‍ ആര്‍ട്ട് ഗാലറി സ്ഥാപിക്കും. കൂനന്മാവിലെ ചവറ കുരിയാക്കോസ് അച്ഛന്റെ 175 വര്‍ഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും – 50 ലക്ഷം രൂപ വിലയിരുത്തി.

മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കാനുളള പ്രഖ്യാപനങ്ങള്‍ ബഡ്‌ജറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ ഇതെല്ലാം പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങുമോയെന്നാണ് കണ്ടറിയേണ്ടത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്നാണ് ധനമന്ത്രി തന്റെ ബ‌ഡ്‌ജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ അവകാശപ്പെട്ടത്. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബഡ്‌ജറ്റിലൂടെ ലക്ഷ്യമിട്ടത്. കൊവിഡ് കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാന്‍ പ്രയത്നിക്കുന്ന ലോകത്തെ കുറിച്ച്‌ പാലക്കാട് കുഴല്‍മന്ദം ജി എച്ച്‌ എസിലെ സ്നേഹ എന്ന വിദ്യാര്‍ത്ഥിനിയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി തിരഞ്ഞെടുപ്പ് ബഡ്‌ജറ്റിന് ആരംഭം കുറിച്ചത്.

Top