കാസര്‍കോട്: ശുചിത്വ മിഷന്റെ തെരഞ്ഞെടുപ്പ് ഹരിത ചട്ടം നടപ്പിലാക്കാനുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഉളിയത്തടുക്ക ടൗണില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് തടഞ്ഞ സംഭവത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ജുമാ നിസ്‌കാര സമയത്ത് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിക്രമം. പ്രതികള്‍ സമൂഹത്തില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും അടിപിടി കേസുകളില്‍ പ്രതികളായവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. സംഭവത്തിന്ര്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്ത്രീകള്‍ക്ക് നേരെ ആക്രോശിക്കുന്നതും പാഞ്ഞടുക്കുന്നതും ഇതില്‍ കാണാം.
2025 തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ചട്ടങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹരിത സന്ദേശ യാത്ര സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായിരുന്നു വിവിധ കേന്ദ്രങ്ങളിലെ കുടുംബശ്രീയുടെ ഫ്‌ലാഷ് മോബ് അവതരണവും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കണമെന്ന മുഖ്യ പരിഗണന ഉണ്ടാക്കുന്നതിനും, പ്രായപൂര്‍ത്തിയായ മുഴുവനാളുകളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പ്രചാരണ പ്രവര്‍ത്തനത്തിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.


