തൈറോ കെയറിന്റെ 66.1 ശതമാനം ഓഹരി ഫാർമ്‌ ഈസി ഏറ്റെടുക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ മെഡിക്കൽ സ്റ്റോറായ ‘ഫാർമ് ഈസി’ പ്രമുഖ ലാബ് ശൃംഖലയായ തൈറോ കെയർ ടെക്‌നോളജീസിന്റെ 66.1 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു. 4,546 കോടി രൂപയുടേതാണ് ഇടപാട്. ഡോ. എ. വേലുമണിയുടെ നേതൃത്വത്തിലുള്ള തൈറോ കെയറിന്റെ ഓഹരികൾ 1,300 രൂപ നിരക്കിലാണ് സ്വന്തമാക്കുന്നത്.

ഫാർമ് ഈസിയുടെ മാതൃകമ്പനിയായ ‘എ.പി.ഐ. ഹോൾഡിങ്‌സ്’ ആണ് ഏറ്റെടുക്കലിന് നേതൃത്വം നൽകുന്നത്. അതിനിടെ, എ.പി.ഐ.യുടെ അഞ്ചു ശതമാനത്തിന് താഴെ ഓഹരികൾ ഡോ. വേലുമണി പ്രത്യേകമായി വാങ്ങും. പിൻഗാമിയില്ലാത്തതിനാലാണ് അദ്ദേഹം തൈറോ കെയർ വിൽക്കുന്നത്.

 “ഇന്ത്യൻ ഹെൽത്ത് കെയർ വ്യവസായത്തിലെ സവിശേഷമായ ഈ പങ്കാളിത്തത്തിൽ സന്തോഷം ഉണ്ട്. ഡയഗ്നോസ്റ്റിക്സിൽ തൈറോകെയറിനുള്ള അതുല്യമായ പ്രാപ്തിയും കരുത്തും ഫാർമിസിന്റെ മികവും കൂടിച്ചേരുന്നതിലൂടെ സാധാരണക്കാർക്കായി മികച്ച ആരോഗ്യ പരിരക്ഷാ പരിഹാരങ്ങൾ കൊണ്ടുവരാൻ കഴിയും.” എന്ന് തൈറോകെയർ ചെയർമാനും എംഡിയുമായ ഡോ. എ. വേലുമണി, പറഞ്ഞു
Top