മോദി ശക്തനായ ഭരണാധികാരി ;ഭീകരവാദത്തെ ഒരുമിച്ചു നേരിടാൻ ഇന്ത്യയും യുഎസും. ഭീകരവാദത്തെ ഇല്ലാതാക്കാൻ മോദിക്ക് കഴിയും- ട്രം‌പ്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം മികച്ച അനുഭവമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗംഭീരമായ രണ്ട് ദിവസങ്ങളാണ് കടന്നു പോയതെന്നും ഇന്ത്യ മഹത്തായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു.ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഒരുമിച്ചു പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്കുശേഷം സംയുക്ത മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


തീവ്രവാദത്തിൽനിന്ന് ഇരു രാജ്യങ്ങളിലെയും പൗരന്മാരെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപും കൂട്ടിച്ചേർത്തു. മാത്രമല്ല, പാക്ക് മണ്ണിലെ ഭീകരരെ തുടച്ചുനീക്കാൻ ആ രാജ്യവുമായി ചേർന്ന് യുഎസ് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ഭീകരവാദത്തെ നേരിടാന്‍ മോദിക്ക് കഴിയുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. കോവിഡ് 19 പടരുന്നത് മുതല്‍ മതമൈത്രി വരെയുള്ള വിഷയങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും ട്രംപ് അറിയിച്ചു. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് മോദി. ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് മോദി പറഞ്ഞുവെന്ന് ട്രംപ് വിശദീകരിച്ചു. 20 കോടി മുസ്ലീങ്ങളാണ് ഇന്ത്യയിലുള്ളത്. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും ട്രംപ് പറഞ്ഞു.

താലിബാനുമായുള്ള അമേരിക്കയുടെ സമാധാന കരാര്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. നരേന്ദ്രമോദി കരാറിനെ അനുകൂലിക്കുന്നതായും കരാര്‍ നടന്നു കാണാന്‍ ഇന്ത്യ കാത്തിരിക്കുന്നുവെന്ന് കരുതുന്നതായും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ട്രംപിനും ഭാര്യ മെലനിയയ്ക്കും ഔദ്യോഗിക വരവേൽപ് നൽകി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. ട്രംപിന്റെ ഭാര്യ മെലനിയ ഡൽഹിയിൽ മോട്ടി ബാഗിലുള്ള സർവോദയ വിദ്യാലയം സന്ദർശിച്ചു.

Top