വികസന രംഗത്ത് കുമരകത്തോട് ഇടതുമുന്നണി കാട്ടിയത് ചിറ്റമ്മ നയം: കുഞ്ഞ് ഇല്ലമ്പള്ളി: യു.ഡി.എഫ് വരുമെന്ന് ജനം ഉറപ്പിച്ചു: ഇടതു മുന്നണിയുടെ കള്ളപ്രചാരണം തള്ളിക്കളയും: പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ

കുമരകം: വികസന രംഗത്ത് ഇടതു മുന്നണി കുമരകത്തോട് കാട്ടിയത് ചിറ്റമ്മ നയമാണെന്നു കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി. തങ്ങളുടെ കോട്ടയായതിനാൽ കുമരകത്തുകാർക്ക് വികസനം വേണ്ടെന്നും, വികസനം നൽകിയാൽ ഇവർ വോട്ട് മറിച്ചു കുത്തുമെന്നും ഭയന്നാണ് സി.പി.എം കഴിഞ്ഞ ഒരു പതിറ്റാണ്ടായി കുമരകത്തെ ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന തുറന്ന വാഹനത്തിലെ പ്രചാരണം കവണാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരമേഖലയിൽ ലക്ഷങ്ങളാണ് കുമരകത്ത് എത്തുന്നത്.

എന്നാൽ, അവർക്ക് വേണ്ട വികസനം ഒന്നും കുമരകത്ത് സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. സാധാരണക്കാരോട് കരുതലുള്ള യാതൊരു വികസനവും ഇവിടെ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർഭരണത്തിനു വേണ്ടി സർക്കാർ നിരത്തുന്ന കള്ളപ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളയുമെന്നു ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർക്ക് തൊഴിൽ നൽകാതെ, വിദ്യാർത്ഥികളെയും യുവജനങ്ങളെയും വഞ്ചിച്ച സർക്കാരാണ് ഇത്. കേരളത്തിന് വേണ്ട അടിസ്ഥാന പരമായ വികസന പ്രവർത്തനങ്ങൾ ഒന്നും കൊണ്ടു വരാൻ പിണറായി സർക്കാരിന് സാധിച്ചില്ല. കഴിഞ്ഞ അഞ്ചു വർഷമായി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ സാധാരണക്കാരെ വെല്ലുവിളിക്കുകയായിരുന്നു സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Top