ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നു. ജയിച്ചാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ പുഷ്‌കര്‍ എസ് ധമി പ്രഖ്യാപിച്ചു.
ബിജെപി അധികാരത്തിലെത്തിയാല്‍ വൈകാതെ ഏകസിവില്‍ കോഡ് നടപടികളിലേക്ക് കടക്കും. കരട് രൂപം തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നും ധമി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരേ നിയമം ബാധകമാകും. വിവാഹം, വിവാഹ മോചനം, ഭൂസ്വത്ത്, പാരമ്പര്യ സ്വത്ത് തുടങ്ങി എല്ലാ വിഷയങ്ങളിലും ജനങ്ങള്‍ക്ക് ഒരു നിയമം ബാധകമാക്കും. അവരുടെ വിശ്വാസത്തിന് അനുസരിച്ച് നിയമത്തില്‍ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ഐക്യം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം, സാംസ്‌കാരിക-പാരിസ്ഥിതിക ഐക്യം എന്നിവയ്ക്ക് ഏകസിവില്‍ കോഡ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം നടക്കുന്നത്. ബിജെപി അധികാര തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് ജനവിധി തേടുന്നത്. ഇക്കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രിമാരെ തുടര്‍ച്ചയായി മാറ്റിയത് വിവാദമായിരുന്നു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട് എന്നാണ് വിലയിരുത്തല്‍. മാത്രമല്ല, തൂക്കുസഭയ്ക്കാണ് ഉത്തരാഖണ്ഡില്‍ സാധ്യത എന്ന് അഭിപ്രായ സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തുടര്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഉത്തരാഖണ്ഡില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ പ്രചാരണത്തിന് എത്തും. രുദ്രപൂരിലാണ് മോദി പങ്കെടുക്കുന്ന റാലി.
അതേസമയം, കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരം പ്രിയങ്ക ഗാന്ധി ഇന്ന് ഉത്തരാഖണ്ഡിലെത്തും. ഖതിമ, ഹല്‍ദ്വാനി, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് പ്രിയങ്ക പങ്കെടുക്കുന്ന പരിപാടികള്‍. ഉത്തരാഖണ്ഡില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിക്കുകയാണ്. തിങ്കളാഴ്ചയാണ് പോളിങ്. മാര്‍ച്ച് പത്തിനാണ് ഫല പ്രഖ്യാപനം. 36 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരണം നടത്താന്‍ സാധിക്കും.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 56 സീറ്റ് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 11 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുള്ളൂ. ഉത്തരാഖണ്ഡിന് പുറമെ, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നിവയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍