ന്യുഡൽഹി : ഉത്തർപ്രദേശിൽ വീണ്ടും കനത്ത ജാഗ്രത. എട്ട് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ വെള്ളിയാഴ്ച വൈകിട്ട് വരെ പൂർണമായും റദ്ദാക്കി. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തി. സംസ്ഥാനത്തെ 8 ജില്ലകളിൽ ഒരു ദിവസത്തേയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയാണ്. സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണെന്നും യുപി അഡീഷണൽ ഡയറക്ടർ ജനറൽ പിവി രാമശാസ്ത്രി പറഞ്ഞു.
ബിജ്നോർ, ബുലന്ദ്ഷഹർ, മുസാഫർഗനർ, ആഗ്ര, ഫിറോസാബാദ്, സംഭാൽ, അലിഗഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമം ഉണ്ടായ ലഖ്നോവിൽ വലിയ രീതിയിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേങ്ങളിൽ ഉത്തർപ്രദേശിൽ ഇതുവരെ 21 പേരാണ് കൊല്ലപ്പെട്ടത്.
ഗൊരഖ്പൂരിലെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ പോലീസ് മാർച്ച് നടത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അർദ്ധസൈനിക വിഭാഗത്തേയും ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 19 മുതൽ 21 വരെ നടന്ന പ്രക്ഷോഭങ്ങളാണ് കൂടുതൽ അക്രമാസക്തമായത്. കൊല്ലപ്പെട്ട 21 പേരിൽ പലരും വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 327 കേസുകളാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. 5538 പേർ കരുതൽ തടങ്കലിലാണ്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ ഇരുപതോളം പേർ മരിക്കാനിടയായ സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരേ ആരോപണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി രംഗത്ത് . പൗരത്വ പ്രതിഷേധത്തിനെതിരേ പോലീസ് ഉന്നംപിടിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. യുപിയിൽ നടക്കുന്നത് ഭീകര തേർവാഴ്ചയാണ്. സമരത്തെ അടിച്ചമർത്താൻ ആർക്കും സാധിക്കില്ല. പരിക്കേറ്റവർക്ക് ചികിത്സയോ മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനമോ ലഭിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമോയെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം വന്നതുകൊണ്ടാണ് തടങ്കൽ പാളയങ്ങളെ പേടിക്കുന്നത്. ഭേദഗതിക്കെതിരേ ഡൽഹിയിൽ ലീഗിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന എല്ലാവരോടും കക്ഷി രാഷ്ട്രീയം നോക്കാതെ ലീഗ് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.