ലക്നൗ: ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖോരക്പൂര്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വന്ദേ മാതരത്തിനെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.ദേശീയ ഗീതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് പ്രഖ്യാപനം. 1937ല്‍ വന്ദേമാതരത്തിലെ പ്രധാന വരികള്‍ ഒഴിവാക്കിയതാണ് വിഭജനത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗെത്തെത്തുകയും ചെയ്തു.’വന്ദേമാതര’ത്തിന്റെ 150ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായിരുന്നു ‘വന്ദേ മാതരം’. അതിന്റെ ആത്മാവായ വരികള്‍ വെട്ടിച്ചുരുക്കിയവരുടെ വിഭജന മനോഭാവം രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണെന്നാണ് മോദി പറഞ്ഞത്.
കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനങ്ങളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന 1937ലെ ഫായിസ്പൂര്‍ സമ്മേളനത്തിലെ തീരുമാനത്തെയാണ് മോദി വിമര്‍ശിച്ചത്. ഹിന്ദു ദേവതകളെ രാജ്യത്തിന്റെ രക്ഷകരായി അവതരിപ്പിക്കുന്ന വരികളാണ് ഒഴിവാക്കിയത്. ന്യൂനപക്ഷ വിഭാഗത്തിന് അലോസരമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിര്‍ദ്ദേശമായിരുന്നു ഇന്ത്യാ വിഭജനത്തിന് വിത്ത് പാകിയതെന്നും മോദി ആരോപിച്ചിരുന്നു.


