മദ്യപാനത്തില്‍ നിന്നു വിമുക്തി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 14 പേരെ കൂട്ടവന്ധ്യംകരണത്തിനു വിധേയരാക്കി; ശസ്ത്രക്രിയക്ക് ഇടനില നിന്നത് സോഷ്യല്‍ വര്‍ക്കര്‍

ബംഗളൂരൂ: മദ്യപാനാസക്തിയില്‍ നിന്നു വിമുക്തി നേടാനുള്ള ചികിത്സയാണെന്നു വാഗ്ദാനം ചെയ്ത് 14 പേരെ കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ സംഭവത്തില്‍ ബംഗുളൂരൂവില്‍ വന്‍ വിവാദം. കര്‍ഷകരും ദിവസക്കൂലിക്കാരുമായ സാധാരണക്കാരായ 14 പേരെയാണ് കൃത്യമായ വിവരങ്ങള്‍ അറിയിക്കാതെ കൂട്ട വന്ധ്യംകരണത്തിനു വിധേയനാക്കിയത്. ഇവിടുത്തെ ആശുപത്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കറുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ ശസ്ത്രക്രിയക്കു വിധേയനാക്കിയത്.
34 നും 52 നും ഇടയില്‍ പ്രായമുള്ളവരാണ് ശസ്ത്രക്രിയക്കു വിധേയരായവരില്‍ ഏറെപ്പേരും. ബംഗളൂരുവിലെ ഹോസ്‌റ്റോക്ക് താലൂക്കില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലാണ് ശസ്ത്രക്രിയ നടന്നിരിക്കുന്നത്. ദിവസക്കൂലിക്കാരും, കര്‍ഷകരുമായ ഇവരെല്ലാം മദ്യത്തിനു അടിമകളായിരുന്നു. മദ്യപാനത്തില്‍ നിന്നു മോചനം നല്‍കുന്നതിനുള്ള ചികിത്സയാണെന്നു മാതാപിതാക്കളെയും ഭാര്യമാരെയും വിശ്വസിപ്പിച്ച ശേഷമാണ് ഇവരെ വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയരാക്കിയത്. ഇതിന്റെ ഭാഗമായുള്ള പേപ്പറുകളിലെല്ലാം ഇവരെക്കൊണ്ട് ഇടനിലക്കാരന്‍ ഒപ്പിടീച്ചു വാങ്ങിക്കുകയും ചെയ്തിരുന്നതായും ആരോപണമുണ്ട്.
ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ കുടുംബാംഗങ്ങളില്‍ നിന്നും അഞ്ഞൂറുരൂപ വീതം ഇടനിലക്കാരന്‍ ഈടാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മദ്യപാനാസക്തിയില്‍ നിന്നു രക്ഷപെടുന്നതിനുള്ള ചികിത്സയുടെ ഭാഗമായാണ് ഇതിനായി മരുന്നുകള്‍ വാങ്ങുന്നതിനു 500 രൂപ വീതം ആവശ്യമുണ്ടെന്നും കാട്ടിയാണ് ഇവരില്‍ നിന്നും ഇടനിലക്കാരന്‍ പണം വാങ്ങിയത്. ഇവരെ സര്‍ക്കാര്‍ ആശുപത്രിയുടെ ആംബുലന്‍സിലാണ് ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ എത്തിച്ചതും. നവംബര്‍ മൂന്നിനു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ശസ്ത്രക്രിയയും വിശ്രമത്തിനും ശേഷം പിറ്റേന്ന് തന്നെ ആശുപത്രിയില്‍ നിന്നു പോകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വിധേയരായ ഇവര്‍ക്കു ആയിരം രൂപ വീതം ഇന്‍സെറ്റീവും അനുവദിച്ചിരുന്നു. ഇതില്‍ നിന്നും 500 രൂപ ഇടനിലക്കാരന്‍ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്കു വിധേയനായ ആളുകള്‍ വീണ്ടും മദ്യപിക്കാനും, മദ്യപാനാസക്തി പ്രകടിപ്പിക്കാനും തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്കു സംശയമായത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 14 പേരെയും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതാണെന്നു കണ്ടെത്തിയത്.

Top