പാലക്കാട്: വാളയര്‍ പെണ്‍കുട്ടികളുടെ മരണത്തിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പോക്‌സോയും ആത്മഹത്യ പ്രേരണ കുറ്റവും ഉള്‍പ്പടെ ചുമത്തി രണ്ട് കേസുകളാണ് തിരുവനന്തപുരം യൂണിറ്റ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. കേസിൽ സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വാളയാർ കേസിൽ അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി രണ്ട് കുട്ടികളുടേയും മരണം രണ്ട് എഫ്‌ഐആറുകൾ ആയിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാളയാര്‍ കേസ് ഉടന്‍ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വാളയാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പത്ത് ദിവസത്തിനുള്ളില്‍ സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. മരണപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
അതേസമയം, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നഷ്ടമായ തെളിവുകള്‍ വീണ്ടെടുത്ത് കേസ് തെളിയിക്കുകയാണ് സിബിഐക്ക് മുന്നിലെ വെല്ലുവിളി. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പീഡനത്തിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു എന്നാല്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ വിചാരണ കോടതി പ്രതികളെ വെറുതെവിടുകയായിരുന്നു.
അതേസമയം, പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച അപ്പീലിലായിരുന്നു ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ട് കുട്ടികളുടെ മരണം പ്രത്യേകം കേസായാണ് അന്വേഷിക്കുക.
വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുക. തൃശൂർ പ്രസ്ക്ലബിലായിരുന്നു പ്രഖ്യാപനം. സംഘപരിവാർ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവർ വ്യക്തമാക്കി. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ മത്സരം. ആഴ്ചകള്‍ക്കു മുന്‍പ് മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്തിരുന്നു.
”എന്റെ മക്കൾക്ക് നീതി ലഭിക്കുന്നതിനാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജൻ എന്നേക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാർ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മൽസരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങൾക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാൻ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടിയാണ് നീക്കം”- അവർ വ്യക്തമാക്കി.
വാളയാര്‍ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡി വൈ എസ് പി സോജന്‍, എസ് ഐ ചാക്കോ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. ഒരുമാസമായി വാളയാറില്‍ സത്യാഗ്രഹം ഇരിക്കുന്നുവെന്നും എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ലെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്ക് മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. 2017ലാണ് 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.