സര്‍ക്കാരിനെ എതിര്‍ത്തും അനുകൂലിച്ചും വെള്ളാപ്പള്ളി; വനിതാ മതിലിന് സപ്പോര്‍ട്ടും എന്‍എസ്എസിന് കൊട്ടും

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംരഭമായി രൂപീകരിക്കപ്പെട്ട നവോത്ഥാന വനിതാ മതില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. വനിതാ മതിലിനായി രൂപീകരിക്കപ്പെട്ട സംയുക്ത സമിതിയിലെ അംഗങ്ങളുടെ രാഷ്ട്രീയവും അവര്‍ പലപ്പോഴായി എടുത്ത തീരുമാനങ്ങളും വലിയ വിവാദമായിരിക്കുന്ന സന്ദര്‍ഭത്തിലാണ് വനിതാ മതിലിനായി വെള്ളാപ്പള്ളി നടേശന്‍ പരസ്യപ്രഖ്യാപനവുമായി രംഗത്തെത്തുന്നത്.

എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തുന്നത്. നവോത്ഥാനം കാലഘട്ടത്തിന്റെ ആഴശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതി മനസിലാക്കിയാണ് സര്‍ക്കാര്‍ വനിതാ മതില്‍ കൊണ്ടു വരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിധിയെ സംബന്ധിച്ച് നിരാശ ജനകം എന്നാണ് ഞാന്‍ പറഞ്ഞത്. ഇന്നും താന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു. ദേശീയ രാഷ്ട്രീയ കക്ഷികള്‍ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവര്‍ക്ക് അത് മാറ്റിപ്പറയാന്‍ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കേരള മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാന്‍ ചില രാഷ്ട്രീയ കക്ഷികളും ഉണ്ടായിരുന്നു. പക്ഷെ അതിപ്പോള്‍ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവര്‍ ആരും കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്റെ ആശയം കത്തിപ്പോവില്ല. സോഷ്യല്‍ മീഡിയയിലെ ചീത്ത പറച്ചിലുകള്‍ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ ചരിത്രത്തില്‍ വിഡ്ഢികളാവും. രാഷ്ട്രീയത്തിനതീതമായി വനിതാ മതിലിനെ വിജയിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നു. എന്നും തങ്ങളെ ചതിച്ച പാരമ്പര്യമാണുള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാര്യത്തിനും ക്ഷണിച്ചിട്ടില്ല. ഇപ്പോള്‍ ക്ഷണിച്ചെങ്കില്‍ അത് സംഘടനയുടെ ബലം കൊണ്ടു മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 20 കൊല്ലമായി വന്ന ഭരണസമിതികള്‍ മാറി മാറി വന്നിട്ടും ദേവസ്വം ബോര്‍ഡില്‍ സവര്‍ണ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ വന്നു. പക്ഷെ നാം അവരുടെ തനി നിറവും കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം ജനുവരി ഒന്നിന് പ്രഖ്യാപിച്ച വനിതാമതിലിനെ തകര്‍ക്കാന്‍ ബദലായി പരിപാടി സംഘടിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിക്ക് ബദലായി വിശ്വാസ സമൂഹത്തെ രംഗത്തിറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈമാസം 12ന് ഹിന്ദുസംഘടനകളുടെ യോഗം കൊച്ചിയില്‍ കൂടും. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗത്തില്‍ പങ്കെടുത്ത പല സാമുദായിക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിനെത്തിക്കാന്‍ നീക്കമുണ്ട്.

സര്‍ക്കാര്‍ വിളിച്ച യോഗത്തിനെത്തിയ പല സംഘടനകളും തീരുമാനത്തില്‍നിന്ന് പിന്നാക്കം പോയതിന്റെ ആത്മവിശ്വാസത്തിലാണ് സംഘ്പരിവാര്‍. ശബരിമലയില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള യുവതികളെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതെന്ന പ്രചാരണം ശക്തമാക്കാനുള്ള നീക്കവും ഇവര്‍ നടത്തുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആദ്യഘട്ടത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ശക്തി ക്ഷയിച്ചെന്ന വിലയിരുത്തല്‍ ആര്‍.എസ്.എസിനുണ്ട്.

ആര്‍എസ്എസ് പക്ഷത്ത് എത്തിക്കാന്‍ കഴിയാതിരുന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സര്‍ക്കാരിന് കരുത്ത് പകരുന്നതാണ്. എസ്എന്‍ഡിപി നേതൃത്വം വിശ്വാസികള്‍ക്കൊപ്പമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് കടക വിരുദ്ധമായാണ് വെള്ളാപ്പള്ളി ഇന്ന് സംസാരിച്ചിരിക്കുന്നത്. ഇതോടെ ഈഴവ വിഭാഗങ്ങളുടെ പിന്തുണ സര്‍്കകാരിനാണെന്ന് ഉറപ്പായിരിക്കുകയാണ്.

Top